KeralaLatest News

ആരോഗ്യ പ്രവര്‍ത്തകര്‍ സേവന സമയവും സന്നദ്ധതയും വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി

ഡോക്‌ടേഴ്‌സ് ദിനാചരണവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനവും

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സേവന സമയവും സന്നദ്ധതയും വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഡോക്‌ടേഴ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനവും തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണിക്കൂറുകള്‍ മാത്രം നോക്കി ജോലി ചെയ്യേണ്ടവരല്ല ആരോഗ്യ പ്രവര്‍ത്തകര്‍. മഹാ ഭൂരിപക്ഷം ഡോക്ടര്‍മാരും മനുഷ്യ സ്‌നേഹികളും കൃത്യനിഷ്ഠയുള്ളവരുമാണ്. ആരോഗ്യ മേഖലയില്‍ ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളുമുണ്ട്. അവയെല്ലാം ഫലപ്രാപ്ത്തിയിലെത്തിക്കാന്‍ ഇത്തരമൊരു സേവന സന്നദ്ധത ആവശ്യമാണ്. സമൂഹം ഡോക്ടര്‍മാരില്‍ അര്‍പ്പിക്കുന്ന വലിയ വിശ്വാസം അവര്‍ ഉള്‍ക്കൊണ്ടാല്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യം തന്നെ ആരോഗ്യ മേഖലയില്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ജി.ഡി.പി.യുടെ രണ്ട് ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്കായി കേന്ദ്രം മാറ്റി വയ്ക്കുന്നത്. ഇത് കുറേക്കൂടി വര്‍ധിപ്പിക്കേണ്ടതുണ്ട്. ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതായെത്തിയത് അഭിമാനിക്കാവുന്ന കാര്യമാണ്. കഴിഞ്ഞ മൂന്നു വര്‍ഷം ആരോഗ്യ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് മാത്രമായി 4250 തസ്തികകളാണ് സൃഷ്ടിച്ചത്. ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരിമിതമായ ആവശ്യത്തിന് വേണ്ടി വളരെയധികം ചെലവു വരുന്ന എയര്‍ ആംബുലന്‍സുകളേക്കാള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് ജീവന്‍ രക്ഷിക്കാനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണെന്നും മന്ത്രി വ്യക്തമാക്കി. അവാര്‍ഡ് കിട്ടിയ ഡോക്ടര്‍മാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ചാന്ദിനി ആര്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും സ്റ്റേറ്റ് ലൈപ്രസി ഓഫീസറുമായ ഡോ. പത്മലത ജെ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് സര്‍വീസ് സെക്ടറില്‍ ആലപ്പുഴ ഇ.എസ്.ഐ.ഡി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് ഹറോള്‍ഡ്, ആര്‍.സി.സി./ ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബി., ദന്തല്‍ മേഖലയില്‍ ആരോഗ്യ വകുപ്പ് ദന്തല്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സൈമണ്‍ മോറിസണ്‍, സ്വകാര്യമേഖലയില്‍ കോഴിക്കോട് ചാലപ്പുറം പീഡിയാട്രിക് കണ്‍സള്‍ട്ടന്റായ ഡോ. സി.എം. അബൂബക്കര്‍ എന്നിവര്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button