ന്യൂഡല്‍ഹി : സ്വിസ് ബാങ്കുകളിലെ നിക്ഷേപകരില്‍ ഇന്ത്യയുടെ സ്ഥാനം 74ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. നിക്ഷേപകരുടെ വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനാല്‍ പലരും പണം നിക്ഷേപിക്കാന്‍ സ്വിസ് ബാങ്കുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. കള്ളപ്പണം നിക്ഷേപിക്കുന്നതിനും സ്വിസ് ബാങ്കുകളെ ഉപയോഗിച്ചിരുന്നു. സ്വിസ് നാഷണല്‍ ബാങ്ക് അതോറിറ്റിയാണു കണക്കുകള്‍ പുറത്തുവിട്ടത്.
പ്രധാനപ്പെട്ട പല രാജ്യങ്ങളില്‍ നിന്നും സ്വിസ് ബാങ്കുകളില്‍ നിക്ഷേപം കുറഞ്ഞു വരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെയാണു നിക്ഷേപത്തില്‍ കുറവുണ്ടായതെന്നാണു വിലയിരുത്തല്‍. ലോകത്താകെയുള്ള നിക്ഷേപകരില്‍ 4 ശതമാനം കുറവുണ്ടായി. 99 ലക്ഷം കോടി രൂപയാണ് കുറഞ്ഞത്. 1996 മുതല്‍ 2007 വരെ ഇന്ത്യ ആദ്യ 50 റാങ്കില്‍ ഉള്‍പ്പെട്ടിരുന്നു. 2018 ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകരില്‍ 6 ശതമാനം കുറവുണ്ടായി. 6757 കോടി രൂപയാണ് കുറഞ്ഞത്.
സമ്മര്‍ദഫലമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി സ്വിസ് ബാങ്ക് അധികൃതര്‍ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ തുടങ്ങി. നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തറിയാന്‍ തുടങ്ങിയതോടെ സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിലുള്ള സ്വകാര്യത നഷ്ടപ്പെട്ടു.
പട്ടികയില്‍ യുകെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം 73ാം റാങ്കായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ആകെ തുകയുടെ 0.07 ശതമാനം മാത്രമാണ് ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരുന്നത്. 26 ശതമാനമാണ് യുകെ സ്വദേശികള്‍ നിക്ഷേപിച്ചിരിക്കുന്നത്. യുഎസ്, വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യുകെയ്ക്കു പിന്നിലുള്ളത്. ആദ്യത്തെ 5 രാജ്യങ്ങളില്‍ നിന്നാണ് സ്വിസ് ബാങ്കുകളിലെ 50 ശതമാനം തുകയും നിക്ഷേപിച്ചിരിക്കുന്നത്.
Post Your Comments