Latest NewsKerala

ആ കടുവ വയനാട്ടില്‍ തന്നെ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിപ്പ് നല്‍കിയിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍

കല്‍പറ്റ: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ കടുവ വയനാട്ടില്‍ തന്നെയാണെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കൊല്ലം സ്വദേശി കാര്‍ത്തിക് കൃഷ്ണന്‍, തൃശൂര്‍ സ്വദേശി സഞ്ജയ് കുമാര്‍ എന്നിവരാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ ബത്തേരി- പുല്‍പള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന തങ്ങളെ കടുവ ഇറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പ് നല്‍കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പ്രയില്‍ തടഞ്ഞുവെന്നാണ് ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

പാമ്പ്രയ്ക്കു സമീപം കടുവ ഇറങ്ങിയിട്ടുണ്ടെന്നും ബൈക്കില്‍ പോകുന്നത് അപകടമാണെന്നുമായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. മുന്‍പേ പോയ മറ്റു വാഹനങ്ങളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നുവെന്നും കാര്‍ത്തികും സഞ്ജയും പറയുന്നു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ ഇരുവരും പ്രോജക്ടിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനു ചെതലയം റെയ്ഞ്ച് ഓഫിസിലേക്കു പോകുന്ന വഴിയായിരുന്നു സംഭവം.

ബത്തേരിയില്‍നിന്നു ചെതലയത്തേക്കു പോകവേ പാമ്പ്രയ്ക്കു സമീപത്തുവച്ചാണ് റോഡില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടത്. അവര്‍ ആകെ ടെന്‍ഷനിലായിരുന്നു. ഇപ്പോള്‍ യാത്ര തുടരാനാവില്ലെന്നും പാമ്പ്രയില്‍ കടുവയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വലിയ വാഹനങ്ങളെ മാത്രമേ ഉദ്യോഗസ്ഥര്‍ കടത്തിവിടുന്നുണ്ടായിരുന്നുള്ളൂ. ബൈക്കുകളിലെത്തിയവരെയെല്ലാം തടഞ്ഞു. വളരെ അത്യാവശ്യമായുള്ള യാത്രയാണെന്നും പ്രോജക്ടിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനിറങ്ങിയ വിദ്യാര്‍ഥികളാണെന്നും പറഞ്ഞപ്പോള്‍ മാത്രം അതുവഴി വന്ന ബസിനൊപ്പം ഉദ്യോഗസ്ഥര്‍ ഞങ്ങളെ കടത്തിവിട്ടു. വൈറലായ വീഡിയോയില്‍ കാണുന്ന അതേ സ്ഥലത്തുകൂടിയാണു ഞങ്ങള്‍ പോയത്- വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ശനിയാഴ്ച പാമ്പ്രയില്‍ കടുവ ഇറങ്ങിയ കാര്യം വനംവകുപ്പിന് അറിയാമായിരുന്നതിനാലല്ലേ അവര്‍ തങ്ങളെ തടഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണു പുല്‍പള്ളി- ബത്തേരി റൂട്ടില്‍ പാമ്പ്രയ്ക്കു സമീപത്ത് ചിത്രീകരിച്ചതെന്ന രീതിയിലുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ബൈക്ക് യാത്രികരുടെ മുന്‍പിലേക്കു കടുവ ചാടുന്നതായിരുന്നു ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചില്ല. ഇതോടെ, ബന്ദിപ്പൂരില്‍ ചാമരാജനഗറിനു സമീപം യാത്രികര്‍ക്കു നേരെ കടുവ ചാടിയെന്ന തരത്തില്‍ ഇതേ വീഡിയോ കന്നഡ ചാനലുകളില്‍ അടക്കം വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button