ന്യൂഡല്‍ഹി: യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടന്ന് അവര്‍ക്ക് തോന്നിയതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
‘ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയാണ് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെയാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. ഇവിടെ ക്രിമിനല്‍ സംഭവങ്ങള്‍ ഒന്നിനു പുറകെ ഒന്നായി നടക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ ബധിരരാണ്. അല്ലെങ്കില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയോ? എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനൊപ്പം സംസ്ഥാനത്ത് നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ ഒരു കൊളാഷും പ്രിയങ്ക നല്കിയിട്ടുണ്ടായിരുന്നു.
ഉത്തര്‍പ്രദേശില്‍ നിരപരാധികള്‍ അക്രമിക്കപ്പെടുകയാണ്. സ്ത്രീകളെ ഭയത്തിന്റെ അന്തരീക്ഷത്തിലേക്ക് തള്ളിവിടുകയാണ്. എന്നാല്‍ യു.പി സര്‍ക്കാരിന് ഇതില്‍ ഒരു ആശങ്കയുമില്ലെന്നും പ്രിയങ്ക പറഞ്ഞു. ഇതാദ്യമായല്ല പ്രിയങ്ക ക്രമസമാധാനനില വഷളാകുന്നത് സംബന്ധിച്ച് സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് മുന്‍പും അവര്‍ സംസാരിച്ചിരുന്നു. എപ്പോഴാണ് സുരക്ഷയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.
എന്നാല്‍ അവരുടെ പാര്‍ട്ടി പ്രസിഡന്റ് യു.പി.യില്‍ മത്സരിച്ച് തോറ്റ് ഇപ്പോള്‍ ഡല്‍ഹിയിലാണ് . ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കാനായി ഓരോ പ്രസ്താവനകള്‍ നടത്തുകയാണെന്നായിരുന്നു’ യോഗി ഇതിന് നല്കിയ മറുപടി.
Post Your Comments