ബെയ്ജിംഗ്: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതുതായി അധിക നികുതി ചുമത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് പര്യവസാനമായി. ജപ്പാനിലെ ഒസാക്കയില്‍ ജി 20 ഉച്ചകോടി സമാപിച്ചത് ചൈനയും, അമേരിക്കയും തമ്മിലുള്ള തുടര്‍ സംഭാഷണങ്ങള്‍ക്ക് വഴി തുറന്നതായാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്.
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗും ജി 20 ഉച്ചകോടിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത വ്യാപാര മത്സരം നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടത്തിയത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതുതായി അധിക നികുതി ചുമത്തില്ലെന്ന് അമേരിക്ക ഉറപ്പു നൽകി.
200 ബില്യൺ ഡോളർ വിലവരുന്ന ചൈനീസ് സാധനങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ മെയ് മാസത്തിൽ ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാൽ മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പടെയുള്ള ഉല്‍പ്പന്നങ്ങൾക്ക് 325 ബില്യൺ ഡോളര്‍ തീരുവ അധികമായി ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചിരുന്നു. 60 ബില്യൺ ഡോളർ വിലവരുന്ന ഉല്‍പ്പന്നങ്ങളുടെ തീരുവയാണ് ചൈന വർദ്ധിപ്പിച്ചത്.
ഇന്തോനേഷ്യ, ബ്രസീല്‍, തുടങ്ങി അഞ്ചു രാജ്യങ്ങളുമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയ്‍ക്കിടെ ചര്‍ച്ച നടത്തിയത്. ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, വ്യാപാരം, 5ജി തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ചർച്ച ഉച്ചകോടിയില്‍ നടന്നു. വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉച്ചകോടിയില്‍ ധാരണയായി. അടിസ്ഥാന സൗകര്യ വികസനത്തിലും, കാര്‍ഷിക, ശാസ്ത്ര,ആരോഗ്യ മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കാനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി.
Post Your Comments