കോവളം : ഓടുന്നതിനിടയിൽ ബ്രേക്ക് പൊട്ടിയ സ്കൂൾ ബസ് മണൽക്കൂനയിൽ ഇടിച്ചു നിർത്തി. നിറയെ കുട്ടികളുമായി വന്ന ബസ് ഡ്രൈവർ സമയോചിതമായ ഇടിച്ചുനിരത്തിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 9.15 നാണു സംഭവം. വെങ്ങാനൂർ ഗേൾസ് എച്ച്എസ്എസിലെ ബസിന് ആഴാകുളത്തു നിന്നു മുട്ടയ്ക്കാട്-ചലഞ്ച് റോഡിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടു.
ബ്രേക്ക് നഷ്ടപ്പെട്ട കാര്യം ഡ്രൈവർ കുട്ടികൾ ഭയപ്പെടുമെന്ന് കരുതി പറഞ്ഞില്ല. വഴിയിൽ നിന്ന കുട്ടികളെ കയറ്റാതെ മുന്നോട്ടു നീങ്ങിയ ബസിന്റെ പോക്കു കണ്ടു രക്ഷാകർത്താക്കളും അന്തം വിട്ടു. വേഗം കൂടിയെങ്കിലും എങ്ങനെയോ ഡ്രൈവർ വാഹനത്തെ ഫസ്റ്റ് ഗിയറിൽ എത്തിച്ചു. ഇതോടെ നിശ്ചിത വേഗത്തിലായി.
എതിരെ വലിയ വാഹനം വന്നപ്പോൾ ഹെഡ് ലൈറ്റ് തെളിച്ച് ആശങ്ക വെളിപ്പെടുത്തി. അപ്പോഴേക്കും ബസ് കൂടുതൽ ഇറക്കത്തിലേക്ക് ഉരുണ്ടു തുടങ്ങി. ഒടുവിൽ ഡ്രൈവർ ഗോപാലകൃഷ്ണൻ നായർ വണ്ടി വീടുനിർമ്മാണം നടക്കുന്ന സ്ഥലത്തെ മൺകൂനയിൽ ഇടിച്ചുനിർത്തുകയായിരുന്നു.
Post Your Comments