![vijaya nirmala](/wp-content/uploads/2019/06/vijaya-nirmala.jpg)
ഹൈദരാബാദ്: പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല (73 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. നടന്‍ മാഞ്ചു മനോജ് ആണ് വിജയ നിര്‍മലയുടെ മരണവാര്‍ത്ത പുറത്ത് വിട്ടത്.
ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സിനിമാപ്രവര്‍ത്തകയാണ് വിജയ നിര്‍മല. നടി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍ സംവിധാനം ചെയ്തത്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം സ്വന്തമാക്കിയ അവര്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.
ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് വിജയ നിര്‍മല വെള്ളിത്തിരയില്‍ എത്തുന്നത്. 1957 -ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച അവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായെത്തിയപ്പോള്‍ നിരവധി മികച്ച വേഷങ്ങള്‍ നല്‍കിയത് മലയാള സിനിമയാണ്. എ. വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രം മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടി. റോസി, കല്യാണ രാത്രിയില്‍ പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
1971 ല്‍ മീന എന്ന ചിത്രം ഒരുക്കി കൊണ്ടാണ് വിജയ നിര്‍മല സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന സിനിമയും ചെയ്തു. തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമാനെനിയാണ് ഭര്‍ത്താവ്. തെലുങ്ക് നടന്‍ നരേഷാണ് മകന്‍.
Post Your Comments