കോഴിക്കോട് : കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം ഷിഗില്ല വൈറസാണെന്ന് കണ്ടെത്തി. ഇതോടെ കര്‍ശന നിര്‍ദേശവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ഷിഗില്ല വൈറസ് ബാധ മരണത്തിന് കാരണമാകുന്നതാണ്. അതേസമയം സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഏത് ഭക്ഷണ സാധനത്തില്‍ നിന്നാണ് ഇത് ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല.റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ നിന്നുള്ള പരിശോധനാ ഫലം പൂര്‍ണമായും എത്തിയാല്‍ മാത്രമെ ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
നിലവില്‍ പരിശോധനയ്ക്കയച്ച വെള്ളത്തിന്റെ ഫലം മാത്രമാണ് വന്നത്. ഇതില്‍ കോളിഫോം ബാക്ടീരിയയുടെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് മറ്റ് ഫലം കൂടി വന്നാല്‍ മാത്രമെ വിഷബാധയ്ക്ക് കാരണമായത് എന്താണെന്ന് പറയാനാകു എന്ന് ഡി.എം.ഒ പറഞ്ഞു.സ്‌കൂളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം സംബന്ധിച്ച് ഫുഡ് ഓഡിറ്റ് നടത്തി മുഴുവന്‍ കാര്യങ്ങളും സ്‌കൂള്‍ കമ്മറ്റികൃത്യമായി രേഖപ്പെടുത്തി വെയ്ക്കണം. തുടര്‍ന്ന് എ.ഇ.ഒയുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് ഈ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.
സ്‌കൂളുകളില്‍ പരിശോധനയ്‌ക്കെത്തുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ഭക്ഷ്യസുരക്ഷ ജീവനക്കാര്‍ക്കും ആവശ്യപ്പെടുന്ന പക്ഷം ഓഡിറ്റ് വിവരങ്ങള്‍ കൈമാറണം. ഏതെങ്കിലും വിധത്തില്‍ അപാകതയുണ്ടായാല്‍ നോഡല്‍ ഓഫീസര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്‌ട് പ്രകാരം കര്‍ശന നടപടിയെടുക്കുന്നതിനും യോഗം നിര്‍ദേശിച്ചു.അതത് സ്‌കൂളിലെ ഉച്ചഭക്ഷണ കമ്മറ്റിയ്ക്കാണ് ഭക്ഷണ വിതരണത്തിന്റെ പൂര്‍ണ ചുമതലയുള്ളത്. പി.ടി.എ പ്രസിഡന്റ് , സ്‌കൂള്‍ എച്ച. എം, വാര്‍ഡ് മെമ്പര്‍, രണ്ട് അധ്യാപകര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് വിദ്യാര്‍ത്ഥി പ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് ഉച്ചഭക്ഷണ കമ്മറ്റി.
കമ്മറ്റിയില്‍ നോഡല്‍ ഓഫീസറായി തെരഞ്ഞെടുക്കുന്ന അധ്യാപകനായിരിക്കും ഭക്ഷണ വിതരണത്തിന്റെ ഉത്തരവാദിത്തം. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം ഭക്ഷണ വിതരണം. ഇതിനായി പാചകം ചെയ്യാനുപയോഗിക്കുന്ന വെള്ളം പാത്രം, അരി തുടങ്ങിയവ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമെ ഉപയോഗിക്കാവു. ഇതിനു പുറമെ പാചകം ചെയ്യുന്ന ആള്‍കക്ക് ജോലി ചെയ്യുന്നതിന് കൃത്യമായ കാര്യക്ഷമത ഉണ്ടോ എന്ന കാര്യവും ഉറപ്പാക്കേണ്ടിയതായുണ്ട്. കുട്ടികള്‍ക്ക് പൂര്‍ണമായും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ നല്‍കാവൂ തുടങ്ങിയ നിര്‍ദേശങ്ങളാണ് ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്നത്.
Post Your Comments