മുംബൈ: ട്രെയിനുകളില്‍ ഭക്ഷണം തയ്യാറാക്കുന്നത് ഇനി മുതല്‍ യാത്രക്കാര്‍ക്ക് തത്സമയം കാണാം. ട്രെയിനുകളില്‍ നല്‍കുന്ന ഭക്ഷണപ്പൊതികളില്‍ പതിപ്പിക്കുന്ന ക്യുആര്‍ കോഡ് വഴിയാണ് ഇത് സാധ്യമാകുന്നത്. മുംബൈ-ഡല്‍ഹി രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളില്‍ ഈ സംവിധാനം പരീക്ഷണാര്‍ഥം നടപ്പാക്കിത്തുടങ്ങി. ഉടന്‍ തന്നെ ഇത് മറ്റു വണ്ടികളിലേക്കും വ്യാപിപ്പിക്കുമെന്ന് ഐ.ആര്‍.സി.ടി.സി. വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വണ്ടികളില്‍ നല്‍കുന്ന ഭക്ഷണപ്പൊതിയുടെമേല്‍ ഡൈനാമിക് ക്യു.ആര്‍.കോഡ് പതിപ്പിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇതു യാത്രക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ‘സ്‌കാന്‍’ ചെയ്താല്‍ അടുക്കളയില്‍ നടക്കുന്ന പാചക ദൃശ്യങ്ങള്‍ തത്സമയം കാണാന്‍ കഴിയും. അടുക്കളയില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ എത്തുന്നത്. നേരത്തെ ‘ബുക്ക്’ ചെയ്യുന്ന ഭക്ഷണപ്പൊതികളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഡൈനാമിക് ക്യു.ആര്‍.കോഡ് പതിപ്പിക്കുകയുള്ളു എന്നതിനാല്‍ എല്ലായാത്രക്കാര്‍ക്കും ഈ സംവിധാനം ആദ്യം തന്നെ ലഭിക്കുകയില്ല.
‘ബാര്‍ കോഡ് വഴിയോ സാധാരണ ക്യു.ആര്‍.കോഡ് വഴിയോ ഉത്പന്നത്തിന്റെ വിവരങ്ങള്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. പുതിയ സാങ്കേതികവിദ്യവഴി വീഡിയോയിലേക്ക് എത്തിക്കാന്‍ കഴിയും. ജൂലായ് അവസാനത്തോടെ ഇതിന്റെ പരീക്ഷണഘട്ടം അവസാനിക്കും. ഓഗസ്റ്റ് ആദ്യ വാരത്തില്‍ തന്നെ നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ”- ഐ.ആര്‍.സി.ടി.സി. ഉദ്യോഗസ്ഥനായ സഞ്ജയ് ചക്രവര്‍ത്തി പറഞ്ഞു.
Post Your Comments