ന്യൂഡല്‍ഹി : വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനിമുതല്‍ ആയിരം രൂപ പിഴ ഈടാക്കാന്‍ തീരുമാനം. കൂടാതെ ആംബുലന്‍സ് അടക്കമുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയില്ലെങ്കില്‍ 10,000 രൂപ പിഴ ചുമത്തുന്നതടക്കം റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദേശിക്കുന്ന മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
ബില്‍ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാമാണ് തീരുമാനം. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ശുപാര്‍ശകള്‍ അടങ്ങിയതാണ് ബില്ലിലെ നിര്‍ദേശങ്ങള്‍. കഴിഞ്ഞ ലോക്‌സഭ ഇതു പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ ചര്‍ച്ച പൂര്‍ത്തിയാകുന്നതിനു മുന്‍പേ ലാപ്‌സായി.
പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഇവയാണ്
- അമിത വേഗത്തിന് 1000 മുതല്‍ 2000 രൂപ വരെ പിഴ. നിലവില്‍ 400 രൂപയാണ്.
- ഇന്‍ഷുറന്‍സില്ലാത്ത വാഹനമോടിച്ചാല്‍ 2000 രൂപ പിഴ.
- ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 100 രൂപയില്‍ നിന്ന് 500 രൂപയാക്കും.
- അപകടകരമായ ഡ്രൈവിങിന് പിഴ 1000ത്തില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തും.
- മദ്യപിച്ചു വാഹനമോടിച്ചാല്‍ പിഴ 10,000 രൂപ. നിലവില്‍ 2000 രൂപ.
- വാഹനത്തില്‍ ഓവര്‍ലോഡു കയറ്റിയാല്‍ 20,000 രൂപ പിഴ.
- സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ 1000 രൂപ പിഴ. നിലവില്‍ 100 രൂപയാണ്.
- ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപ പിഴ. നിലവില്‍ 1000 രൂപ.
- ഇടിച്ചിട്ടു കടന്നു കളയുന്ന അപകടക്കേസുകളില്‍ ഇരയ്ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം.
- അപകടത്തില്‍പ്പെട്ടവര്‍ക്കു സഹായത്തിന് മോട്ടര്‍ വെഹിക്കിള്‍ ആക്‌സിഡന്റ് ഫണ്ട്.
- അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് നിയമസംരക്ഷണം.
- റജിസ്‌ട്രേഷനും ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധം.
- മോശം എന്‍ജിന്‍ നിര്‍മിച്ചാല്‍ കാര്‍ കമ്പനികള്‍ക്ക് 500 കോടി രൂപ പിഴ.
Post Your Comments