KeralaLatest News

രണ്ട് ജില്ലകളില്‍ ജിയോളജിസ്റ്റ് തസ്തികയില്‍ ആളില്ല

മലപ്പുറം: പ്രളയത്തില്‍ വലിയ നാശനഷ്ടം സംഭവിച്ച ജില്ലകളായ മലപ്പുറത്തും കോട്ടയത്തും ജിയോളജിസ്റ്റുകളില്ല. മലപ്പുറത്ത് അഡീഷണല്‍ ജിയോളജിസ്റ്റിന് ചുമതല നല്‍കിയപ്പോള്‍ ആലപ്പുഴ ജില്ലാ ജിയോളജിസ്റ്റിനാണ് കോട്ടയം ജില്ലയുടെ ചുമതല.

മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും കാരണങ്ങള്‍ പരിശോധിക്കുക, നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഇനി അപകട സാധ്യതയുണ്ടോയെന്ന് കണ്ടെത്തുക, ഖനന സാധ്യതകളെ കുറിച്ച് പഠിക്കുക എന്നിവയാണ് ജില്ലാ ജിയോളജിസ്റ്റിന്റെ പ്രധാന ചുമതല. അതുകൊണ്ടു തന്നെ ഇത് പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രളയകാലത്ത് മലപ്പുറം ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. നിരവധി പേര്‍ക്ക് വീടും കൃഷിസ്ഥലവും നഷ്ടമായി. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പരിശോധന നടത്തേണ്ട ജില്ല ജിയോളജിസ്റ്റിന്റെ തസ്തികയിയില്‍ നാലു മാസമായി ആളില്ല. രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റുകളും ഒരു റവന്യു ഇന്‍സ്‌പെകടറുമടക്കം ആകെ മൂന്ന് ഉദ്യോഗസ്ഥരാണ് ജില്ലയിലുള്ളത്. കോട്ടയം ജില്ലയിലും സമാന സാഹചര്യമാണ്. ആലപ്പുഴ ജില്ലാ ജിയോളജിസ്റ്റാണ് കോട്ടയത്ത് താല്‍ക്കാലിക ചുമതല വഹിക്കുന്നത്. അതേസമയം രണ്ട് ജില്ലകളിലും ജിയോളജിസ്റ്റിനെ നിയമിക്കാനുള്ള നടപടക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button