പാലക്കാട് : പ്രളയപുനരുദ്ധാരണത്തിന് ജീവനക്കാരില്‍ നിന്നുള്ള ധനശേഖരണത്തിന് നടപ്പാക്കിയ സാലറിചാലഞ്ചില്‍ സമ്മതപത്രം നല്‍കിയവര്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. ജീവനക്കാര്‍ പരമാവധി ഒരുമാസത്തെ ശമ്പളം 10 മാസ ഗഡുവായി പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നല്‍കുന്നതാണ് പദ്ധതി.
പദ്ധതി ജീവനക്കാര്‍ക്കിടയിലുണ്ടാക്കിയ അമര്‍ഷവും പ്രതിഷേധവും തണുപ്പിക്കാന്‍ നിര്‍ബന്ധപൂര്‍വം സമ്മതപത്രം വാങ്ങിയെന്ന പരാതികളില്‍ ഇളവ് നല്‍കുന്നത് പരിശോധിക്കുമെന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു എങ്കിലും ഇനി അത് നടക്കില്ല എന്നാണ് വ്യക്തമാകുന്നത്.
ധനകാര്യ അഡീഷണല്‍ സെക്രട്ടറിയാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ പങ്കാളികളായ ജീവനക്കാരില്‍ ശമ്പളത്തില്‍ നിന്നു നിശ്ചയിച്ച തുകയില്‍ കൂടുതലോ, കുറവേ ഇടാക്കരുതെന്നും സമ്മതപത്രം നല്‍കാത്തവരുടെ വേതനത്തില്‍ നിന്നു തുക എടുക്കരുതെന്നും ഉത്തരവിലുണ്ട്.
സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ തുക നല്‍കിയിരുന്ന ജീവനക്കാരില്‍ ചിലര്‍ പിന്‍മാറാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഇതിനിടെയാണ് പുതിയ പിന്‍മാറ്റ അപേക്ഷകള്‍ പരിഗണിക്കേണ്ടന്ന ഉത്തരവ്. ചാലഞ്ചില്‍ പങ്കാളിയാകാന്‍ മുന്നോട്ടുവരുന്ന പുതിയ ജീവനക്കാര്‍ക്ക് അവസരമൊരുക്കാനും നിര്‍ദേശമുണ്ട്. സ്പാര്‍ക്കാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിക്കുന്നത്.
Post Your Comments