കൊച്ചി: കാവുപോലെയുള്ള ആവാസവ്യവസ്ഥകളുടെ നാശം വവ്വാല്‍ അടക്കമുള്ള ജീവികളുടെ ജനിതകഘടനയിലുണ്ടാക്കിയ മാറ്റം നിപ വൈറസ് മനുഷ്യരിലേക്കു വ്യാപിക്കാനിടയാക്കിയോ എന്നു പഠനവിധേയമാക്കണമെന്നു വിദഗ്ധര്‍. പ്രകൃതിയിലെ മാറ്റങ്ങള്‍ വൈറസുകളുടെ ഘടനയിലുണ്ടാക്കുന്ന പരിണാമം സംബന്ധിച്ച് വിശദപഠനങ്ങള്‍ നടത്തിയാലേ ഇത്തരം വൈറസുകള്‍ മനുഷ്യനില്‍ അപകടകാരിയായതിന്റെ കാരണം കണ്ടെത്താനാവു എന്നും പക്ഷിശാസ്ത്രജ്ഞനായ ഡോ. ആര്‍. സുഗതന്‍ പറഞ്ഞു.
നിപ വൈറസിന് അനേകം രൂപഭേദങ്ങളുണ്ട്. മനുഷ്യരിലേക്കു പകരുന്നതും പകരാത്തതുമായ ഘട്ടങ്ങളുണ്ട്. ഏതു ഘട്ടത്തിലാണ് രോഗാണു ഈ വ്യക്തിയിലേക്കു പകര്‍ന്നതെന്ന അന്വേഷണമാണു വേണ്ടത്. കാവ് പോലെയുള്ള വിസ്തൃതമായ ആവാസവ്യവസ്ഥ നശിക്കുമ്പോള്‍ വവ്വാലുകള്‍ കൂട്ടത്തോടെ ഒരിടത്തേക്കു ചേക്കേറും. ഇത് വൈറസിന്റെ വ്യാപനം എളുപ്പമാക്കും. മനുഷ്യനിലടക്കം പല ജീവജാലങ്ങളിലേക്ക് എത്തിപ്പെടും.വൈറസുകള്‍ വവ്വാലില്‍നിന്ന് മറ്റു ജീവികളിലേക്ക് പകരാതിരിക്കാനാനുള്ള പോംവഴികളാണ് കണ്ടെത്തേണ്ടത്.
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ പിടിച്ചെടുത്ത വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നിപ സ്ഥിരീകരിച്ച രോഗിയുടെ സ്രവങ്ങളില്‍ കണ്ടെത്തിയ വൈറസിന്റെയും വവ്വാലുകളില്‍നിന്നു കണ്ടെത്തിയ വൈറസിന്റെയും ഘടന ഒന്നാണോ എന്ന് പരിശോധിക്കണം. ഈ വവ്വാലുകളുടെ ശരീരത്തില്‍ കണ്ടെത്തിയ വൈറസുകളെല്ലാം രോഗഹേതുവായിരുന്നെങ്കില്‍ ആ പ്രദേശങ്ങളിലുള്ള ഒന്നിലധികം പേര്‍ക്ക് രോഗം ബാധിച്ചേനെ.
എന്നാല്‍, അതുണ്ടായില്ല. നിപ വൈറസ് ഉള്‍പ്പെടെയുള്ള സൂക്ഷ്മജീവികളില്‍ ജനിതകമാറ്റങ്ങള്‍ സംഭവിക്കാതിരിക്കാനും മനുഷ്യരിലേക്കു പടരാതിരിക്കാനും ആവാസവ്യവസ്ഥയുടെ ആരോഗ്യം നിലനിലര്‍ത്തുക എന്നതാണു പോംവഴിയെന്നും ഡോ. സുഗതന്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments