റിയാദ്: ബിഹാർ സ്വദേശി കെട്ടിട നിർമ്മാണ ജോലിക്കിടെ നിലത്തുവീണ് പരിക്കേറ്റ് അഞ്ചുമാസമായി സൗദിയിലെ ആശുപത്രിയിൽ. പരിക്ക് ഭേദമായെങ്കിലും മനസ്സിന്റെ സമനില തെറ്റിയ അവസ്ഥയിലാണ്. ഭാരിച്ച ചികിത്സച്ചെലവ് അടയ്ക്കാതെ ആശുപത്രിയിൽനിന്ന് വിടുതൽ ലഭിക്കില്ല
10 വർഷമായി റിയാദിൽ കെട്ടിട നിർമാണ ജോലി നടത്തിയിരുന്ന മുസാഫിർ അലിയാണ് (51) റിയാദ് നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെ സാജിർ ജനറൽ ആശുപത്രിയിൽ കഴിയുന്നത്. അഞ്ച് മാസം മുമ്പ് റിയാദിൽ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്.
ശുമൈസിയിലെ കിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസാഫിറിനെ രണ്ടുമാസത്തിനു ശേഷം ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിൽ 200 കിലോമീറ്റർ അകലെ സാജിർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്നു മാസമായി സാജിറിലാണ്. ഇയാളെ കണ്ടെത്തി നാട്ടിലെത്തിക്കാൻ ബന്ധുക്കൾ സഹായം തേടിയതിനെത്തുടർന്ന് ഇന്ത്യൻ എംബസി ദവാദ്മിയിലെ സാമൂഹിക പ്രവർത്തകൻ ഹുസൈൻ അലി വഴി നടത്തിയ അന്വേഷണത്തിലാണ് സാജിർ ആശുപത്രിയിൽ കണ്ടെത്തിയത്. ബിൽ ഒഴിവാക്കാൻ ആശുപത്രി അധികൃതരെ കണ്ട് ചർച്ച നടത്തുകയാണ്. പാസ്പോർട്ട് എവിടെയാണെന്നറിയില്ല. അക്കാര്യം എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽനിന്ന് വിടുതൽ കിട്ടിയാൽ എംബസി ഔട്ട് പാസ് നൽകും. നാട്ടിൽ അയക്കാനുള്ള ചെലവും എംബസി വഹിക്കും.
Post Your Comments