ലഖ്നൗ: സ്വന്തം ചെരുപ്പ് ധരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സഹായം തേടിയ യുപി മന്ത്രി വിവാദത്തില്‍. ന്യൂനപക്ഷകാര്യ, ക്ഷീര വികസന മന്ത്രി ചൗധരി ലക്ഷ്മി നരേനെ സര്‍ക്കാര്‍ ജീവനക്കാരന്‍ ചെരുപ്പിടാന്‍ സഹായിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് മന്ത്രി പുലിവാല്‍ പിടിച്ചത്.
യോഗദിനത്തോടനുബന്ധിച്ച് ഷാജഹാന്‍പൂരില്‍ മന്ത്രി പങ്കെടുത്ത ഒരു പരിപാടിയ്ക്കിടെയായിരുന്നു വിവാദസംഭവം. അതേസമയം, ചെരുപ്പ് ധരിക്കാന്‍ ആരെങ്കിലും സഹായിച്ചെങ്കില്‍ ആപ്രവൃത്തിയെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നാണ് ചൗധരി ലക്ഷ്മി നരേന്റെ നിലപാട്. രാമന്റെ മെതിയടി സൂക്ഷിച്ചാണ് ഭരതന്‍ 12 വര്‍ഷം രാജ്യംഭരിച്ചതെന്ന് തന്റെ വാദത്തെ ന്യായീകരിക്കാന്‍ മന്ത്രി ഉദാഹരണവും ചൂണ്ടിക്കാട്ടി.
ഇതാദ്യമായല്ല നരേന്‍ വിവാദമുണ്ടാക്കുന്നത്. 2018 ലെ ‘ദീപോത്സവ്’ വേളയില്‍ ശ്രീരാമന്‍ ഇന്ത്യയെ ആഗോള സൂപ്പര്‍ പവര്‍ ആക്കി എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ആ വര്‍ഷത്തിന്റെ അവസാനത്തില്‍, ഹനുമാന്റെ ജാതി സംബന്ധിച്ച ഒരു സംവാദത്തിനിടയില്‍, ഹനുമാന്‍ ജാട്ട് സമുദായത്തില്‍ പെട്ടയാളാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
Post Your Comments