ഫ്ലോറിഡ: അമിത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും മൂലം ഫേസ്ബുക്ക് മോഡറേറ്ററായ ഉദ്യോഗസ്ഥന് ജോലിക്കിടെ മരിച്ചു. പ്രൊഫഷണല്‍ സര്‍വീസ് വെണ്ടര്‍ കോഗ്നിസന്റ് നടത്തുന്ന യുഎസ് സൈറ്റിന്റെ ഫേസ്ബുക്ക് കണ്ടന്റ് മോഡറേറ്ററായ കീത്ത് അറ്റ്ലിയാണ് മരിച്ചത്. 42 കാരനായ അദ്ദേഹത്തെ ജോലി സമ്മര്‍ദ്ദം കാര്യമായി ബാധിച്ചിരുന്നെന്നും തന്റെ ടാര്‍ജെറ്റായ 98%ത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം ഫ്ലോറിഡയിലെ ടമ്പ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
ഉപയോക്താക്കള്‍ ദിനംപ്രതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആത്മഹത്യകളുടെ ചിത്രങ്ങള്‍, കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍, അശ്ലീല സാഹിത്യം മുതലായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുകയെന്ന ദൗത്യം ഫേസ്ബുക്ക് മോഡറേറ്റര്മാര്ക്കാണുള്ളത്. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് ഭീമന്മാര് നിശ്ചയിച്ചിട്ടുള്ള സാമൂഹിക മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനായി തൊഴിലാളികള്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുന്‍ കോസ്റ്റ് ഗാര്‍ഡ് ലെഫ്റ്റനന്റ് കമാന്‍ഡറായിരുന്ന അറ്റ്ലി സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് ഫേസ്ബുക്കിന്റെ കണ്ടന്റ് മോഡറേറ്ററായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അറ്റ്ലിക്ക് ഭാര്യയും രണ്ട് പെണ്മക്കളുമുണ്ട്.
അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍, ജോലിയുടെ സമ്മര്‍ദ്ദം അറ്റ്ലിയെ കാര്യമായി ബാധിച്ചിരുന്നു. ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് അദ്ദേഹം എപ്പോഴും ആശങ്കാകുലനായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 9 ന് ജോലി സമയത്ത് അറ്റ്ലി മേശപ്പുറത്ത് തലചായ്ച്ച് കിടക്കുന്നത് സഹപ്രവര്‍ത്തകര്‍ കണ്ടിരുന്നു. എന്നാല്‍ അവര്‍ അത് കാര്യമാക്കിയിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം കസേരയില്‍ നിന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയപ്പോഴാണ് അപകടം മനസിലാക്കിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇവര്‍ ജോലി ചെയ്യുന്ന കെട്ടിടത്തില്‍ ഡിഫിബ്രില്ലേറ്റര്‍ ഇല്ല, തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ട് സഹപ്രവര്‍ത്തകര്‍ സിപിആര്‍ നല്കി. ആംബുലന്‍സ് സേവനത്തിനായി വിളിച്ചെങ്കിലും ഏകദേശം 13 മിനിറ്റിനുശേഷമാണ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എത്തിയത്. ആംബുലന്‍സിന് ഓഫീസ് കണ്ടെത്തുന്നതില്‍ ഉണ്ടായ ബുദ്ധിമുട്ട് മൂലമായിരുന്നു എത്താന്‍ വൈകിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടാംപ സൈറ്റിലെ മുന്പുള്ളതും ഇപ്പോഴുള്ളതുമായ 12 ഉദ്യോഗസ്ഥര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആബുലന്‍സ് എത്തുമ്പോഴേക്കും അറ്റ്ലിയുടെ ശരീരം നീലനിറമാകാന്‍ തുടങ്ങിയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
പാരാമെഡിക്കല്‍ ജീവനക്കാര്‍ അറ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തിയെങ്കിലും അല്പസമയത്തിനു ശേഷം ആശുപത്രിയില്‍ വെച്ചു തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതില്‍ നിന്നും ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും സഹപ്രവര്‍ത്തകരെ അധികൃതര്‍ വിലക്കിയിരിക്കുകയാണ്.
മിക്ക ഫേസ്ബുക്ക് മോഡറേറ്റര്‍മാര്‍ക്കും കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡറും അനുബന്ധ അവസ്ഥകളും ഇവര്‍ അനുഭവിക്കുകയും ചെയ്യുന്നു, അപകടങ്ങളുടെയും ആക്രമങ്ങളുടെയും ദൃശ്യങ്ങളും കുട്ടികളുടേതുള്‍പ്പെടെയുള്ള അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പതിവായി കൈകാര്യം ചെയ്യുന്നത് ഇവരുടെ മാനസിക സ്ഥിതിയെയും ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. അരിസോണയിലെ ഒരു ഓഫീസിലെ ആയിരത്തോളം ജീവനക്കാരോട് പ്രിയപ്പെട്ടവരുമായി പോലും അവരുടെ ജോലിയില്‍ ഉണ്ടാകുന്ന വൈകാരിക പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യരുതെന്നും ഇത് കൂടുതല്‍ വൈകാരിക പ്രശ്നങ്ങള്‍ക്കും മാനസിക സംഘര്‍ങ്ങള്‍ക്കും ഇടയാക്കുമെന്നും കമ്പനി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Post Your Comments