ഉത്തർപ്രദേശ്: യു പിയിൽ എസ്പി-ബിഎസ്പി സഖ്യമുണ്ടായിട്ടും ബിജെപിയുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചുവെന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ തന്റെ മണ്ഡലമായ ലക്‌നൗവില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ചയായിരുന്നു സന്ദര്‍ശനം. ബിജെപിയുടെ വിജയം വലിയകാര്യമാണെന്ന് പറഞ്ഞ അദ്ദേഹം എസ്പി-ബിഎസ്പി സഖ്യമുണ്ടായിട്ടും ബിജെപിയുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചുവെന്നും ചൂണ്ടിക്കാട്ടി. എസ്പി- ബിഎസ്പി സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയതോടെ, 15 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കൂവെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പോലും കരുതിയത്. കഴിഞ്ഞ തവണത്തെ 72-ല്‍ എത്താന്‍ കഴിയില്ലെന്നും ചിന്തിച്ചു. എന്നാല്‍ അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും ഭരണവിരുദ്ധവികാരമുണ്ടായില്ല. വിപരീതമായി ഭരണ അനുകൂല വികാരമുണ്ടാകുകയും ചെയ്തു. ബിജെപിയുടെ വോട്ട് വിഹിതം കൂടിയെന്നും ലക്‌നൗവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ സൈനികരെ പ്രശംസിക്കാനും പ്രതിരോധമന്ത്രി മറന്നില്ല. നമ്മുടെ സൈനികര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കും ബാലക്കോട്ടില്‍ വ്യോമാക്രമണവും നടത്തി ഇന്ത്യ ശക്തമായ രാജ്യമാണെന്ന് ലോകത്തോട് പറഞ്ഞു. രാജ്യത്തിന്റെ വികസനുവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള കാഴ്ചപ്പാടിനെക്കുറിച്ചും രാജ്‌നാഥ് സിംഗ് വാചാലനായി.
Post Your Comments