കണ്ണൂര്‍: സി.പി.എം. വിവാദങ്ങളില്‍ പെടുമ്പോള്‍ ന്യായീകരണ വാദങ്ങളുമായി ഫെയ്‌സ്‌ബുക്കില്‍നിറഞ്ഞുനില്‍ക്കാറുള്ള ‘പോരാളിഷാജി’എന്ന ഫെയ്‌സ്‌ബുക്ക് അക്കൗണ്ടിനും ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടിയോടു രോഷം. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷയും സി.പി.എം. കേന്ദ്ര കമ്മിറ്റിഅംഗം എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയെ രൂക്ഷമായി വിമര്‍ശിച്ചാണ് പോരാളി ഷാജിയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്.
പാര്‍ട്ടി പ്രതിനിധി ആയിരിക്കുമ്പോള്‍ മാനുഷികമായ വികാരങ്ങള്‍ അടക്കിവയ്‌ക്കാന്‍ സാധിക്കണം. ദേഷ്യം, പക, അഹങ്കാരം ഇതൊക്കെ അടക്കിവയ്‌ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ലേബല്‍ മാറ്റി വ്യക്‌തി മാത്രമായി തുടരുകയാണ് വേണ്ടതെന്നും ഷാജി കുറിപ്പിലൂടെ ആവശ്യപ്പടുന്നു.ജനവികാരം കണ്ടില്ലെന്നു നടിക്കരുതെന്ന് ആവശ്യപ്പെടുന്ന കുറിപ്പില്‍ ശ്യാമളക്കെതിരേ സി.പി.എം നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു. അതെ സമയം ഷാജിയുടെ പോസ്‌റ്റിനോട് പാര്‍ട്ടിക്കാരില്‍നിന്ന് ശക്‌തമായ വിയോജിപ്പും ഉയരുന്നുണ്ട്.
എം.വി. ഗോവിന്ദന്‍ വിവാഹം കഴിക്കുന്ന ഘട്ടത്തില്‍ ശ്യാമള പാര്‍ട്ടി നേതൃത്വത്തിലുണ്ട്. അല്ലാതെ മുന്‍സിപ്പല്‍ ഓഫീസിന്റെ ഓട് നീക്കി ചെയര്‍മാന്റെ കസേരയില്‍ ഇരുന്നതല്ല. ഇക്കാര്യം ഫെയ്‌സ്‌ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിപ്ലവകാരികള്‍ക്ക് അറിയില്ലെങ്കില്‍ കാണേണ്ടവര്‍ കണ്ടു തിരുത്തിക്കണമെന്നും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ജനതയുടെ ജീവന്‍ പണയംവച്ചുണ്ടാക്കിയതാണ് പാര്‍ട്ടി അടിത്തറ. വ്യക്‌തിയെക്കാള്‍ പ്രസ്‌ഥാനമാണ് വലുത്. തെറ്റുണ്ടെങ്കില്‍ തിരുത്തണം.
യാതൊരു സംശയവുമില്ല. മറ്റുള്ള പാര്‍ട്ടിക്കാര്‍ തെറ്റ് ചെയ്‌താലും അനുഭാവികളും പ്രവര്‍ത്തകരും വോട്ട് ചെയ്യും. സി.പി.എം. തെറ്റു ചെയ്‌താല്‍ ജനങ്ങള്‍ പൊറുക്കില്ലെന്നത് ഓര്‍മയുണ്ടാവണമെന്നും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് സി.പി.എമ്മിന്റെ തണലില്‍ വളര്‍ന്നവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെന്നും ഷാജി വിമര്‍ശിക്കുന്നു.
Post Your Comments