ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകപ്രവാഹം. മോദിയുടെ ധ്യാനത്തിന് പിന്നാലെ കേദാര്‍നാഥ് ഗുഹയും തീര്‍ത്ഥാടനവും പ്രശസ്തമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത പത്ത് ദിവസം കൂടി മാത്രമെ തീര്‍ത്ഥാടകര്‍ക്ക് ഗുഹ സന്ദര്‍ശിക്കാന്‍ അവസരമുള്ളൂ. വോട്ടെടുപ്പിനിടെ മെയ് 18-നാണ് നരേന്ദ്ര മോദി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനത്തിന് എത്തിയത്. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ആശ്ചര്യകരമായ പ്രതികരണമാണ് തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കേദാര്‍നാഥ് യാത്രയുടെ കാര്യനിര്‍വ്വാഹകനും ഡെറാഡൂണിലെ ഗഡ്വാള്‍ മണ്ഡല്‍ വികാസ് നിഗമിന്റെ(ജി എം വി എന്‍) ജനറല്‍ മാനേജരുമായ ബി എല്‍ റാണ പറഞ്ഞു.
തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെ രുദ്ര ഗുഹയ്ക്ക് പുറമെ മറ്റൊരു ഗുഹയുടെ കൂടി നിര്‍മ്മാണം ആരംഭിച്ചെന്നും റാണ വെളിപ്പെടുത്തി. പൂര്‍ണമായും മനുഷ്യനിര്‍മ്മിത ഗുഹ അല്ല ഇതെന്നും പ്രകൃതിദത്തമായ പാറയില്‍ രൂപമാറ്റം വരുത്തുന്നതിനാല്‍ പുതിയ ഗുഹ നിര്‍മ്മിക്കുന്നതിന് സമയം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 20-ഓളം പേര്‍ ഇതുവരെ ഗുഹയില്‍ താമസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ധ്യാനമിരിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാനും ഗുഹ ബുക്ക് ചെയ്യാനുമായി വിളിക്കുന്നതെന്നും ഓണ്‍ലൈന്‍ വഴിയാണ് ബുക്കിങ്ങുകള്‍ നടത്തുന്നതെന്നും റാണ കൂട്ടിച്ചേര്‍ത്തു.
കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നവര്‍ ബേസ് ക്യാമ്പായ ഗുപ്തകാശിയിലാണ് ആദ്യമെത്തുക. അവിടെ നിന്നും വൈദ്യപരിശോധനയ്ക്ക് ശേഷം കേദാര്‍നാഥിലേക്ക് ട്രക്കിങ് നടത്താം. ട്രക്കിങിന് താത്പര്യമില്ലാത്തവര്‍ക്ക് ഹെലികോപ്റ്റര്‍ വഴിയും കേദാര്‍നാഥിലെ ഗുഹയിലെത്താം. ഗുഹയില്‍ ധ്യാനമിരിക്കുന്നതിന് മുമ്പും തീര്‍ത്ഥാടകര്‍ വൈദ്യപരിശോധനക്ക് വിധേയമാകണം. ഒരു സമയം ഒരാള്‍ക്ക് മാത്രമെ ഗുഹയില്‍ ധ്യാനമനിരിക്കാന്‍ അനുവദിക്കുകയുള്ളൂ.
രുദ്ര ഗുഹയിലെ ധ്യാനമിരിക്കാന്‍ തീര്‍ത്ഥാടകര്‍ 1,500 രൂപയാണ് ഓണ്‍ലൈനായി അടയ്‌ക്കേണ്ടത്. ഗുപ്തകാശിയിലും കേദാര്‍നാഥിലും വൈദ്യപരിശോധനകള്‍ക്ക് ശേഷം 24 മണിക്കൂര്‍ ഗുഹയില്‍ ചെലവിടാം. കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമിറ്റര്‍ മുകളിലേക്ക് നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്. വെട്ടുകല്ലുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്.
ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്. വൈദ്യുതി, കുടിവെള്ളം, ഭക്ഷണം, വിശ്രമ മുറി എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഗുഹയില്‍ ഒരുക്കിയിട്ടുണ്ട്. ഗുഹയില്‍ ഘടിപ്പച്ചിരിക്കുന്ന ബെല്‍ അമര്‍ത്തിയാല്‍ അറ്റന്‍ഡറുടെ സഹായം ലഭ്യമാകും.
Post Your Comments