KeralaLatest News

മത്തി കിട്ടാക്കനിയാകും; കാരണം വ്യക്തമാക്കി മത്സ്യ ഗവേഷണ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ കാലത്ത് മത്തിയുടെ ലഭ്യത കുറയുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് മത്തിയുടെ ഉത്പ്പാദനം കുറയുമെന്ന് നിരീക്ഷിച്ചിരിക്കുന്നത്. ഉത്പ്പാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് മത്തി കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.

ഇതോടെ തമിഴ്നാട്ടില്‍ നിന്നുള്ള മത്തിക്കും ഒമാന്‍ മത്തിക്കും ആവശ്യക്കാര്‍ കൂടുകയാണ്. എന്നാല്‍ കിലോയ്ക്ക് 250-മുതല്‍ 350 രൂപ വരെയാണ് മത്സ്യവിപണിയില്‍ വരവ് മത്തിയുടെ വില. 2013-ലാണ് സംസ്ഥാനത്ത് മത്തിയുടെ ഉത്പ്പാദനം കുറഞ്ഞത്. 2012-ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചിരുന്നു. അതില്‍ പകുതിയും മത്തിയായിരുന്നു. എല്‍നിനോ പ്രതിഭാസമാണ് മത്തിയുടെ ഉത്പ്പാദന തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രജലത്തിന്റെ താപനില വര്‍ധിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. എല്‍ നിനോ ഉഷ്ണ ജലപ്രവാഹം ശാന്തസമുദ്രത്തില്‍ നിന്ന് അറബിക്കടല്‍ വരെ എത്തിയതായാണ് കണ്ടെത്തല്‍. കേരളത്തിന്റെ വടക്ക് നിന്നും തെക്കോട്ട് ഒഴുകുന്ന പോഷക സമൃദ്ധമായ ജലപ്രവാഹത്തെയും എല്‍നിനോ ബാധിച്ചു. എല്‍നിനോയുടെ തീവ്രത മത്തിയുടെ പ്രജനനം കുറയുന്നതിനും കാരണമായി.

എല്‍നിനോ പ്രതിഭാസമാണ് കേരള തീരത്തെ മത്തി ലഭ്യത കുറച്ചതെന്ന് സി എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞനായ ഡോ. സുനില്‍ മുഹമ്മദ് വ്യക്തമാക്കി. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാന മാര്‍ഗമായിരുന്ന മത്തി കുറഞ്ഞതോടെ സംസ്ഥാനത്തെ 1.25 ലക്ഷത്തിലേറെ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവിത മാര്‍ഗമാണ് ഇല്ലാതാകുന്നത്. മത്തി ലഭിക്കാത്തത് മൂലം 50-ലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന 400 ഇന്‍ബോര്‍ഡ് വള്ളങ്ങളും പ്രതിസന്ധിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button