ന്യൂഡല്‍ഹി: ബീഹാറിലെ മസ്തിഷ്‌ക ജ്വരം മൂലമുള്ള കുട്ടികളുടെ മരണം രാജ്യസഭ ചര്‍ച്ച ചെയ്യുന്നു. ബിനോയ് വിശ്വം എം പി യാണ് വിഷയം രാജ്യസഭയിലുന്നയിച്ചത്. കുഞ്ഞുങ്ങളെ സര്‍ക്കാര്‍ കൊല്ലുകയാണെന്നും അടിയന്തരമായി മരുന്നും പശ്ചാത്തല സൗകര്യവും കേന്ദ്രം ഒരുക്കണമെന്നും എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
ബിനോയ് വിശ്വത്തെ പിന്തുണച്ച് നിരവധി എംപിമാര്‍ രാജ്യസഭയില്‍ എഴുന്നേറ്റ് നിന്നു. ബീഹാറിലെ മുസാഫര്‍പൂരിന് പിന്നാലെ കൂടുതല്‍ ജില്ലകളിലേക്ക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുകയാണ്. സമസ്തിപൂര്‍, ബങ്ക, വൈശാലി ജില്ലകളില്‍ നിന്നാണ് രോഗ ലക്ഷണങ്ങളുമായി കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 128 കുട്ടികള്‍ മരിച്ച മുസഫര്‍പൂരില്‍ ചികിത്സയില്‍ കഴിയുന്ന 24 കുട്ടികളുടെ നില ഗുരുതരമാണ്.
വൈശാലിയിലെ ഹാജിപ്പൂരില്‍ പതിനഞ്ച് കുട്ടികളെത്തി. സമസ്തിപൂരില്‍ രോഗ ലക്ഷണങ്ങളുമായെത്തിയ ഏഴ് കുട്ടികളില്‍ മൂന്ന് പേരെ മുസഫര്‍പൂര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. അതിലൊരു കുട്ടി മരിച്ചു. ബീഹാര്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണമെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു.
ബീഹാറില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും എം പി കൂട്ടിച്ചേര്‍ത്തു. രണ്ട് ആശുപത്രികളിലായി മുന്നൂറിലേറെ കുട്ടികള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. മുസഫര്‍പൂരിനോട് ചേര്‍ന്ന് നില്‍ക്കുന്ന റാഞ്ചിയിലും ജില്ലാ ഭരണകൂടം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments