ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തുക. നന്ദി പ്രമേയ ചര്‍ച്ചക്ക് ശേഷം പ്രധാനമന്ത്രി മറുപടി പറയും. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആയതിനാല്‍ അടുത്ത അഞ്ചു വര്‍ഷത്തെ നയങ്ങളിലും വികസന വീക്ഷണത്തിലും ഊന്നിയാകും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തെ നേട്ടങ്ങളും എടുത്തു പറഞ്ഞേക്കാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ പ്രതിപക്ഷ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ ചേര്‍ന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിക്കുക. കാര്‍ഷികം, ജലസേചനം, കുടിവെള്ളം, അടിസ്ഥാന സൗകര്യം ആരോഗ്യം അടക്കമുള്ള മേഖലകളില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പദ്ധതികള്‍ പ്രസംഗത്തില്‍ സൂചിപ്പിക്കും. ജൂലൈ അഞ്ചിന് സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ പൊതുബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. മുത്തലാഖ്, പൗരത്വ ഭേദഗതി, ആധാര്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്നിവയടക്കമുള്ള പ്രധാന ബില്ലുകളടക്കം ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ ലക്ഷ്യം വക്കുന്നുണ്ട് ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍.
Post Your Comments