Latest NewsIndia

പാകിസ്ഥാന്റെ അനുനയ ശ്രമങ്ങളോട് പ്രതികരിച്ച് ഇന്ത്യ; മോദിയും എസ് ജയശങ്കറും പാകിസ്ഥാന് നല്‍കിയ മറുപടി ഇങ്ങനെ

അനുരഞ്ജനത്തിനായി പാക് പ്രധാനമന്തിയും വിദേശകാര്യമന്ത്രിയും അയച്ച കത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും മറുപടി നല്‍കി. ഭീകരത, അക്രമം, ശത്രുത എന്നിവയില്ലാത്ത ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഭീകരതയുടെയും അക്രമത്തിന്റെയും നിഴലില്‍ നിന്ന് മുക്തമായ സ്വതന്ത്രമായ അന്തരീക്ഷത്തിന്റെ ആവശ്യകതയെക്കുറിച്ച് എസ് ജയ്ശങ്കറും ഊന്നിപ്പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ മോദിയെ അഭിനന്ദിച്ചും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുമായിരുന്നു പാക് പ്രധാനമന്ത്രിയുടെ കത്ത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ഇസ്ലമാബാദ് ഡല്‍ഹിയുമായി ചര്‍ച്ച ആഗ്രഹിക്കുന്നെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. കിര്‍ഗിസ്ഥാനില്‍ നടന്ന ഷാങ്ഹായി ഉച്ചകോടിയില്‍ ഇരുനേതാക്കളും സാമാന്യമര്യാദ എന്ന നിലയില്‍ സൗഹൃദം പ്രകടിപ്പിച്ചിരുന്നെങ്കിലും രണ്ട് പ്രധാനമന്ത്രിമാരും തമ്മില്‍ മീറ്റിംഗുകളോ ചര്‍ച്ചകളോ നടന്നില്ല.

അതേസമയം സ്ഥാപിത നയതന്ത്ര സമ്പ്രദായമനുസരിച്ചാണ് ഇന്ത്യന്‍ പ്രതികരണം എന്നും പാകിസ്ഥാന്‍ ഉള്‍പ്പെടെ എല്ലാ അയല്‍ക്കാരുമായും ന്യൂ ഡല്‍ഹി സാധാരണവും സഹകരണപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലക്കോട്ടില്‍ തീവ്രവാദ പരിശീലന ക്യാമ്പില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കിലെത്തിയ സംഭവത്തിന് ശേഷം ഇന്ത്യ പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലായിരുന്നു പാകിസ്ഥാന്റെ അനുനയശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button