KeralaLatest News

അനധികൃത വയല്‍ നികത്തല്‍; കലക്ടറുടെ തീരുമാനത്തെ തള്ളിയുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവിന് തിരിച്ചടി, ഹൈക്കോടതി തീരുമാനം ഇങ്ങനെ

കൊച്ചി: എറണാകുളം കുന്നത്തുനാട്ടില്‍ അനധികൃതമായി വയല്‍ നികത്തിയതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. 2008നു ശേഷമാണ് നിലം നികത്തിയതെങ്കിലും ഉപഗ്രഹചിത്രം നോക്കാതെയും പ്രദേശികതല നിരീക്ഷണ സമിതിയുടെ അഭിപ്രായം നോക്കാതെയുമാണ് സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. എന്നാല്‍ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് താല്‍കാലികമായി മരവിപ്പിച്ചിരുന്നെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. ഇക്കാര്യത്തില്‍ കോടതി സ്വകാര്യ കമ്പനിക്കും റവന്യൂ സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

സ്പീക്ക്‌സ് പ്രോപ്പര്‍ട്ടി ലിമിറ്റഡ് കമ്പനിക്കു വേണ്ടി നികത്തിയ 15 ഏക്കര്‍ നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തവ് റവന്യൂ സെക്രട്ടറി റദ്ദാക്കുകയായിരുന്നു. കമ്പനിയുടെ അപ്പീല്‍ പരിഗണിച്ചായിരുന്നു റവന്യു സെക്രട്ടറിയുടെ നടപടി. എന്നാല്‍ ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പൊതു പ്രവര്‍ത്തകരില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ റവന്യു സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിക്കാനും ഈ വിഷയത്തില്‍ തന്റെ അറിവില്ലാതെ ഒരു ഉത്തരവും ഇറങ്ങരുതെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിലപാടെടുത്തിരുന്നു. എജി നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു റവന്യു സെക്രട്ടറി ഉത്തരവിറക്കിയത്.

ഭൂമി നികത്തലിനെതിരെ ജനകീയ സമരം നടന്നതിനെത്തുടര്‍ന്നു കലക്ടര്‍ നിലം നികത്തുന്നതിനു സ്റ്റോപ്പ് മെമ്മോ നല്‍കി. 15 ദിവസത്തിനകം നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഉത്തരവിട്ടു. സ്ഥലത്തിന്റെ ക്രയവിക്രയവും പോക്കുവരവും കലക്ടര്‍ മരവിപ്പിച്ചു. ഇതിനെതിരെ കമ്പനി നല്‍കിയ അപ്പീല്‍ പരിഗണിച്ച റവന്യൂ അഡീ. സെക്രട്ടറി കലക്ടറുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button