കണ്ണൂര്‍ : ആന്തൂര്‍ നഗരസഭയിലെ പാര്‍ഥ കണ്വന്ഷന് സെന്ററില്‍ അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നു നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കണ്വന്ഷന് സെന്റര്‍ ഉടമ സാജന് പാറയില്‍ മുന്‍പു സിപിഎം ജില്ലാ നേതൃത്വത്തിനു നല്കിയ പരാതി പ്രകാരമാണു കണ്വന്ഷന് സെന്ററില്‍ നഗരാസൂത്രണ വിഭാഗവും നഗരസഭ അധികൃതരും സംയുക്ത പരിശോധന നടത്തിയത്.
തെറ്റിദ്ധാരണ കാരണമാണു നഗരസഭാ അധികൃതര്‍ കണ്വന്ഷന് സെന്റര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നോട്ടിസ് നല്‍കിയത്. ഗ്രൗണ്ട് ഫ്ലോറില്‍ അധികമായി നിര്‍മിച്ച സ്ലാബ് മുറിച്ചു മാറ്റി വീണ്ടും അപേക്ഷ നല്‍കാനായിരുന്നു സംയുക്ത സംഘത്തിന്റെ നിര്‍ദേശം. അതുപ്രകാരം പാര്‍ഥ കണ്വന്ഷന് സെന്റര്‍ ഉടമ അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍, നഗരസഭയ്ക്കു മുകളില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപെടലും നഗരാസൂത്രണ വിഭാഗത്തിന്റെ അനുകൂല റിപ്പോര്‍ട്ടും നഗരസഭ അധ്യക്ഷയുടെ വൈരാഗ്യത്തിനു കാരണമായെന്നാണു ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തിന്റെ ആരോപണം.
കെട്ടിട നിര്‍മാണത്തില്‍ നേരത്തെ നല്കിയ പ്ലാനിനു വ്യത്യസ്തമായി നിര്‍മാണം നടത്തിയതിനാല്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടു പെര്‍മിറ്റ് റദ്ദാക്കിയ വേളയിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണു സംഘം പരിശോധന നടത്തിയത്. മുഖ്യ നഗരാസൂത്രണ ഓഫിസറുടെയും നഗരസഭയുടെയും 3 തലത്തിലുള്ള പരിശോധനകള്‍ക്കു ശേഷമാണ് പാര്‍ഥ കണ്വന്ഷന് സെന്റര്‍ നിര്‍മിക്കാന്‍ ആദ്യം അനുമതി നല്‍കിയത്.
എന്നാല്‍, അതില്‍ നിന്നു വലിയ വ്യത്യാസമൊന്നും നിര്‍മാണത്തില്‍ വരുത്തിയിട്ടില്ലെന്നു പരിശോധനയില്‍ വ്യക്തമായി. ഗ്രൗണ്ട് ഫ്ലോറില്‍ ഒരു സ്ലാബ് നിര്‍മിച്ചതു മാത്രമാണു നേരത്തെയുണ്ടായിരുന്ന പ്ലാനില്‍ നിന്നുള്ള വ്യത്യാസം. ഇതേ തുടര്‍ന്നാണു കഴിഞ്ഞ ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കിയിട്ടും കണ്വന്ഷന് സെന്ററിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ നഗരസഭ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള രംഗത്തെത്തിയിരുന്നു. നഗരസഭയ്ക്കതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ശ്യാമള പറഞ്ഞു.കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃമായാണെന്ന് പരാതി ലഭിച്ചിരുന്നു. അനുമതി നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയായിരുന്നുനെന്നും ശ്യാമള പറഞ്ഞു. അതേസമയം നഗരസഭ സാജനോട് വിരോധമൊന്നും കാണിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments