KeralaLatest News

വീട് കടലെടുത്തു; മത്സ്യത്തൊഴിലാളിക്ക് അനുവദിച്ച സാമ്പത്തിക സഹായം തിരികെ നല്‍കണമെന്ന് ഫിഷറീസ് വകുപ്പ്

ആലപ്പുഴ: കടലാക്രമണത്തില്‍ വീട് തകര്‍ന്നതിന് മത്സ്യത്തൊഴിലാളിക്ക് അനുവദിച്ച സാമ്പത്തിക സഹായം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ്. ആലപ്പുഴ നീര്‍ക്കുന്നം സ്വദേശി ഉണ്ണികൃഷ്ണനാണ് ഫിഷറീസ് വകുപ്പ് സഹായം നിഷേധിക്കുന്നത്. ഇയാള്‍ വിവാഹിതനല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സഹായം തിരികെ വാങ്ങാനൊരുങ്ങുന്നത്. പ്രളയരക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ആദരിച്ച മത്സ്യതൊഴിലാളിയാണ് ഉണ്ണികൃഷ്ണന്‍.

ഏറെ നിസഹായ അവസ്ഥയിലാണിപ്പോള്‍ ഉണ്ണികൃഷ്ണന്‍. രാപ്പകലില്ലാതെ അധ്വാനിച്ച് ഉണ്ടാക്കിയ വീട് രണ്ട് കൊല്ലം മുന്‍പ് കടല്‍കൊണ്ടുപോയി. കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്ന മത്സ്യതൊഴിലാളികള്‍ക്ക് വസ്തു വാങ്ങി വീട് വയ്ക്കാനുള്ള 10 ലക്ഷം രൂപ ഉണ്ണികൃഷ്ണനും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലെത്തി. ഈ തുക ഉപയോഗിച്ച് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കി. അപ്പോഴാണ് നല്‍കിയ പണം തിരികെ അടയ്ക്കണമെന്ന ഫിഷറീസ് വകുപ്പിന്റെ പുതിയ അറിയിപ്പ് എത്തുന്നത്.

വസ്തു വാങ്ങാന്‍ നല്‍കിയ മുന്‍കൂര്‍ പണം തിരികെ കിട്ടുമോയന്ന് ഉറപ്പില്ല. എത്രയും വേഗം പണം തിരിച്ചടച്ചില്ലെങ്കില്‍ പലിശ അടക്കം ഈടാക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്. ശാരീരിക അവശതകള്‍ നേരിടുന്ന ഉണ്ണികൃഷ്ണന് ഒരു സഹോദരി മാത്രമാണുള്ളത്. സഹായം തേടി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

മത്സ്യതൊഴിലാളിക്ക് വീട് വയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കുമ്പോള്‍ വിവാഹം ചെയ്തവരാണ് അര്‍ഹരെന്ന നിയമം പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ഫിഷറീസ് വകുപ്പ് വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button