കയ്‌റോ : കോടതിമുറിയില്‍ കുഴഞ്ഞുവീണു മരിച്ച ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ കബറടക്കം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി. ഒരു വര്‍ഷം പിന്നിട്ടതോടെ 2013ല്‍ അദ്ദേഹത്തെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു.
കഠിനമായ തടവു ജീവിതത്തിനിടെ മുര്‍സിക്ക് അര്‍ഹമായ ചികിത്സ ഭരണകൂടം നല്‍കിയിട്ടില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈജിപ്തിലെ 81 പ്രവിശ്യകളിലും പ്രതീകാത്മക സംസ്‌കാരവും പ്രതിഷേധവും നടത്തുമെന്നു ബ്രദര്‍ഹുഡ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് മുസ്‌ലിം ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിരുന്നെങ്കിലും കനത്ത സുരക്ഷാ വലയത്തിലായിരുന്ന കയ്‌റോ ശാന്തമായിരുന്നു.
2012 ലെ ഹുസ്നി മുബാറക്ക് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ മുര്‍സി 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ഹുസ്‌നി മുബാറക്കിനെതിരായ പ്രക്ഷോഭത്തിനിടെ ജയില്‍ഭേദന കേസില്‍ മുര്‍സിയെ 2015 മേയില്‍ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. 2012 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്യാജസത്യവാങ്മൂലം നല്‍കിയെന്ന മറ്റൊരു കേസില്‍ 7 വര്‍ഷം തടവിനും ശിക്ഷിച്ചു.
മുര്‍സിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഓഫിസും ആംനെസ്റ്റി ഇന്റര്‍നാഷനലും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാവായ മുര്‍സിയെ സംഘടനയുടെ യശ്ശശരീരരായ നേതാക്കന്‍മാര്‍ക്കു സമീപമാണു കബറടക്കിയതെന്നു മകന്‍ അബ്ദുല്ല അറിയിച്ചു.
Post Your Comments