മസ്ക്കറ്റ് : ഒമാനില്‍ പടര്‍ന്നുപിടിച്ച മെര്‍സ്, കൊറോണ വൈറസുകള്‍ക്കുള്ള കാരണം ആരോഗ്യമന്ത്രാലയം കണ്ടെത്തി . മെര്‍സ് കൊറോണ വൈറസ് ബാധിതരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും രോഗം പിടികൂടിയത് ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് എന്ന് പഠന റിപ്പോര്‍ട്ട്. അറേബ്യന്‍ ഒട്ടകങ്ങളുടെ പ്രജനനവും, വിവിധ ഗവര്‍ണറേറ്റുകളില്‍ ഒട്ടകയോട്ട മത്സരങ്ങളും നടക്കുന്ന ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് ഒട്ടകങ്ങളില്‍ മെര്‍സ് കൊറോണ വൈറസ് പടരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒമാനില്‍ ആദ്യ മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 2013 ജൂണിലാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ 11 രോഗബാധകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരില്‍ കൂടുതല്‍ പേരും വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ളവരായിരുന്നു. ഇതില്‍ എട്ട് പേര്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന ഒട്ടകങ്ങളില്‍ നിന്നാണ് രോഗബാധയേറ്റത്. ഈ വര്‍ഷം ജനുവരി 27 മുതല്‍ ഫെബ്രുവരി 12 വരെ കാലയളവില്‍ 13 പേര്‍ക്ക് കൂടി മെര്‍സ് രോഗബാധയുണ്ടായി. ഇതില്‍ എട്ടുപേര്‍ വടക്കന്‍ ബാത്തിനയില്‍ നിന്നുള്ളവരും നാലുപേര്‍ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരുമായിരുന്നു. രണ്ട് ഗവര്‍ണറേറ്റുകളിലെയും രോഗബാധിതര്‍ക്കും ഒട്ടകങ്ങളുമായി സമ്പര്‍ക്കമുണ്ടായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments