CricketLatest NewsSports

ലോകകപ്പ് ക്രിക്കറ്റ് : റെക്കോര്‍ഡ്‌ നേട്ടം അടിച്ചെടുത്ത് ഇയൻ മോർഗൻ

മാഞ്ചസ്റ്റർ: ലോകകപ്പിലെ റെക്കോര്‍ഡ്‌ നേട്ടം അടിച്ചെടുത്ത് ഇയൻ മോർഗൻ. ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറിയാണ് ഇന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ നേടിയത്. 57 പന്തിലായിരുന്നു മോർഗന്‍ മൂന്നക്കത്തിലേക്ക് കടന്നത്. 50 പന്തിൽ സെഞ്ച്വറി നേടിയ കെവിൻ ഒബ്രിയനാണ് ഇക്കാര്യത്തിൽ മുന്നിൽ. 51 പന്തിൽ സെഞ്ച്വറിയടിച്ച ഗ്ലെൻ മാക്സ്വെൽ രണ്ടാമതും 52 പന്തിൽ മൂന്നക്കം തികച്ച എബിഡിവില്ലിയേഴ്സ് മൂന്നാമതുമാണ്.

മാഞ്ചസ്റ്ററിൽ ഇയൻ മോർഗൻ ബാറ്റുകൊണ്ട് നിറഞ്ഞാടിയപ്പോൾ പഴങ്കഥയായത് ഏകദിന ക്രിക്കറ്റിലെയും ലോകകപ്പിലെയും ഒരുപിടി റെക്കോർഡുകൾ. ഒരു ഏകദിന ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സുകൾ എന്ന റെക്കോർഡാണ് ഇതിൽ ശ്രദ്ധേയം. 17 സിക്സറുകളാണ് മോർഗൻ നേടിയത്. 16 സിക്സറുകൾ നേടിയ രോഹിത് ശർമ്മ, ക്രിസ് ഗെയിൽ, എബി ഡിവില്ലിയേഴ്സ് എന്നിവരുടെ ഏകദിന റെക്കോർഡാണ് മോർഗൻ ഇന്ന് തകർത്തത്. കൂടാതെ ഇക്കാര്യത്തിൽ ഗെയ്ലിന്‍റെ ലോകകപ്പ് റെക്കോർഡും(16 സിക്സറുകൾ) ഇന്ന് തകർന്നടിഞ്ഞു. ഇംഗ്ലണ്ടിനുവേണ്ടി ലോകകപ്പിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയവരുടെ പട്ടികയിൽ മൂന്നാമതെത്താനും മോർഗന്(148) സാധിച്ചു. ആൻഡ്രൂ സ്ട്രോസ്(158), ജേസൻ റോയ്(153) എന്നിവരാണ് മോർഗന് മുന്നിലുള്ളത്.

സിക്സറുകളിലൂടെ മൂന്നക്കം നേടിയെന്ന റെക്കോർഡാണ് മറ്റൊന്ന്. 17 സിക്സറുകളിലൂടെ 102 റൺസാണ് മോർഗൻ സ്വന്തം സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. നേരത്തെ പറഞ്ഞ മൂന്നു താരങ്ങൾക്കും 16 സിക്സറുകളിലൂടെ 96 റൺസാണ് ഇത്തരത്തിൽ നേടാനായത്. ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവുമുയർന്ന കൂട്ടുകെട്ടിൽ പങ്കാളിയാകാനും ഇന്ന് മോർഗന് കഴിഞ്ഞു. മൂന്നാം വിക്കറ്റിൽ മോർഗൻ-റൂട്ട് കൂട്ടുകെട്ട് അടിച്ചെടുത്തത് 189 റൺസാണ്.1975ലെ ലോകകപ്പിൽ അമിസ്-ഫ്ലെച്ചർ സഖ്യം നേടിയ 176 റൺസിന്‍റെ കൂട്ടുകെട്ടാണ് 44 വർഷത്തിനുശേഷം പഴങ്കഥയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button