തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതിയുടെ ഉപഭോഗം സർവകാല റെക്കോർഡിൽ. നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ് സംസ്ഥാനത്തെ ഇന്നലത്തെ മൊത്തം ഉപഭോഗം. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
5031 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം പീക്ക് സമയത്ത് ആവശ്യമായി വന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്. 100.1602 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മാത്രം ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ പോയാൽ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുന്നതിനും വൈദ്യുതി കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലേക്ക് എത്തിപ്പെടുന്നതിനും കാരണമാകുമെന്നാണ് കെഎസ്ഇബി ആശങ്കപ്പെടുന്നത്.
വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമാക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതോടെയാണ് കേരളത്തിലെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നത്. അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങൾ സ്വിച്ചോഫ് ചെയ്യുന്നതിൽ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി ആഹ്വാനം ചെയ്തു.
Post Your Comments