KeralaLatest News

കേടായ മത്സ്യ വില്‍പ്പന : മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

വയനാട് : കേടായ മത്സ്യങ്ങള്‍ വിറ്റഴിയ്ക്കുന്നതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് നടത്തി. കല്‍പ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളില്‍ വയനാട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പഴകിയതും കേടായതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പിണങ്ങോട് ഗുഡ്സ് ഓട്ടോയില്‍ കച്ചവടം ചെയ്യുകയായിരുന്ന മത്സ്യവും പടിഞ്ഞാറത്തറ എസ്.ആര്‍.എം. ഫിഷ് സ്റ്റാളില്‍ നിന്നുമാണ് കേടായ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മത്സ്യം കേടുവരാതെ സൂക്ഷിക്കുന്നതിന് 50:50 എന്ന തോതില്‍ ഐസ് ചേര്‍ത്ത് സൂക്ഷിക്കണമെന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ വില്‍പന പാടില്ലെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ മത്സ്യലഭ്യത കുറയുന്ന സാഹചര്യത്തില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലയിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളിലും ചെക്ക്പോസ്റ്റുകളിലും പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങളുപയോഗിച്ചായിരുന്നു പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button