
ബാഹ്യലോകത്ത് നിന്ന് മനസിനെ ആന്തരോന്‍മുഖമാക്കി ആത്മസാക്ഷാത്കാരത്തിലേക്ക് പ്രാപ്തനാക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം. ആത്മനിര്‍വാണം അഥവാ സമാധി തന്നെയാണ് അതിന്റെ ആന്ത്യന്തികമായ ലക്ഷ്യം. എന്നാല്‍ മനസുകൊണ്ടും വാക്കുകൊണ്ടും കര്‍മം കൊണ്ടും നല്ലതുമാത്രം പ്രവര്‍ത്തിച്ച് ജീവിക്കുന്ന ഒരു ജനതയ്ക്ക മുന്നില്‍ യോഗ ആത്മസാക്ഷാത്കാരത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു. എന്നാല്‍ ആ കാലത്ത് നിന്ന് നൂറ്റാണ്ടുകള്‍ മുന്നോട്ട് സഞ്ചരിച്ച് ആധുനിക ഹൈ ടെക് യുഗത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ആത്മസാക്ഷാത്കാരം എന്ന വലിയ തത്വത്തില്‍ ഊന്നിയല്ല യോഗ പ്രചുരപ്രചാരം നേടുന്നത്. ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ അകറ്റി സ്വസ്ഥനാകുക എന്ന ലക്ഷ്യത്തില്‍ യോഗാഭ്യാസം പരിമിതപ്പെട്ടുപോകുകയും ചെയ്തു. എന്നിരുന്നാലും സ്ഥൂല ശരീരത്തിന്റെ സഖ്യത്തിന് വേണ്ടി അനുവര്‍ത്തിക്കുന്ന യോഗാസനങ്ങളും പ്രാണായാമങ്ങളും മറ്റും സാധകര്‍ പോലും അറിയാതെ സൂക്ഷമശരീരത്തിന്റെ ഉണര്‍വിലേക്കും അവരെ നയിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

യോഗ പഠിക്കുന്നതിന് മുമ്പ് അനുവര്‍ത്തിക്കുകയും ശീലമാകുകയും ചെയ്യേണ്ട രണ്ട് മാര്‍ഗങ്ങളാണ് യമവും നിയമവും. നിത്യജീവിതത്തില്‍ പാലിക്കേണ്ട ചില ചര്യകളാണ് യമം പഠിപ്പിക്കുന്നത്. അംഹിസ, സത്യം, ആസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്ന പഞ്ചശീലങ്ങളാണ് അതിന് അടിസ്ഥാനം. മറ്റു ജീവികളോട് കാരുണ്യവും സഹതാപവും തോന്നി ആര്‍ക്കും ഉപദ്രവമാകാതെ സഹജീവനം സാധ്യമാക്കുന്നതാണ് അംഹിസ. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും എല്ലാ സന്ദര്‍ഭങ്ങളിലും സത്യസന്ധത പാലിക്കാനുള്ള ആര്‍ജ്ജവമാണ് സത്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അന്യന്റെ മുതല്‍ കൈവശപ്പെടുത്താനുള്ള ആഗ്രഹത്തെ നിഗ്രഹിക്കുന്നതാണ് ആസ്‌തേയം. ഭോഗപരതയില്‍ നിന്ന് മനസിനെ ആത്മോന്‍മുഖമാക്കുന്നതാണ് ബ്രഹ്മചര്യം. .ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ആസക്തിയില്‍ നിന്ന് മനസിനെ മോചിപ്പിക്കുന്നതിനെ അപരിഗ്രേഹം എന്ന് പറയുന്നു. ഇത്രയും സഗ്ദുണങ്ങള്‍ ഉള്‍പ്പെടുന്ന യമം ശീലിച്ചുകഴിഞ്ഞവന്‍ അടുത്തതായി നിയമത്തിലേക്ക് കടക്കും.

ആത്മശുദ്ധീകരണത്തിനുള്ള മാര്‍ഗങ്ങളാണ് നിയമത്തില്‍ വിശദീകരിക്കുന്നത്. ശൗചം, സന്തോഷം, തപസ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് അതിനുള്ള മാര്‍ഗങ്ങള്‍. ബാഹ്യവും ആന്തരികവുമായ ശുചിത്വം പാലിക്കലാണ് ശൗചം. ശരീര ശുദ്ധിയും മനശുദ്ധിയും പാര്‍പ്പിട ശുദ്ധിയും പരിസര ശുദ്ധിയും ആഹാര ശുദ്ധിയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സംതൃപ്തിയും പ്രസന്നമനോഭാവവുമാണ് ആചരിക്കുന്നതാണ് സന്തോഷം. നിരന്തരശ്രമഫലമായി ആര്‍ജ്ജിച്ച നന്‍മകള്‍ നിലനിര്‍ത്താനുള്ള ശ്രദ്ധയും പരിശ്രമവുമമാണ് തപസ്. തടസമില്ലാതെ ശാരിരികവും മാനസികവുമായ നിഷ്ഠകളെ പാലിക്കുന്നതിനുള്ള ധൈര്യവും സ്ഥൈര്യവും തപസിന്റെ ആധാരങ്ങളാണ്. ആത്മോന്നതിക്ക് ഉതകുന്ന ജ്ഞാനം ആര്‍ജ്ജിക്കാനുള്ള പഠനം തന്നെയാണ് സ്വാധ്യായം. സര്‍വ്വവ്യാപിയും സര്‍വജ്ഞവും സര്‍വശക്തവുമായ പരമചൈതന്യത്തില്‍ സ്വയം സമര്‍പ്പിക്കുന്നതാണ് ഈശ്വരപ്രണിധാനം.
യോഗാചാര്യനായ പതജ്ഞലി മഹര്‍ഷിയുടെ യോഗശാസ്ത്ര പ്രകാരം ഇത്രയും കഴിഞ്ഞതിന് ശേഷം ആസനങ്ങളിലേക്ക് കടക്കേണ്ടത്. എന്നാല്‍ ഇതൊന്നുമില്ലാതെ ശരീരികമായ അവശതകളെയും മാനസിക സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ മാത്രമായി ലക്ഷക്കണക്കിന് ആളുകളാണ് യോഗയെ ആശ്രയിക്കുന്നത്. തീര്‍ച്ചയായും അവര്‍ ആഗ്രഹിക്കുന്ന ഫലം വെറും ആസനങ്ങളുടെ പരിശീലനം കൊണ്ടുതന്നെ ലഭിക്കും. യോഗാവസ്ഥയിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരുപരിധി വരെ മനസിനെയും ശരീരത്തെയും നിയന്ത്രിക്കാന്‍ ചിട്ടയായ യോഗ പരിശീലനം കൊണ്ട് സാധ്യമാകും. അംഹിസയും സത്യവും മറ്റുള്ളവരുടെ സമ്പത്തിനോട് ആര്‍ത്തിയില്ലായ്മയുമൊക്കെ ഇല്ലാതായ്‌ക്കൊണ്ടിരിക്കുകയും അക്രമവും ചതിയും വെട്ടിപ്പിടിക്കലും വ്യാപകമാകുകയും ചെയ്യുന്ന ഒരു കാലത്ത് മനുഷ്യനെ അല്‍പ്പമെങ്കിലും പിടിച്ചുനിര്‍ത്താന്‍ യോഗയ്ക്ക് കഴിയുന്നത് പോലെ മറ്റൊന്നിനുമാകില്ല. കൊണ്ടും കൊടുത്തും കഴിയുന്ന പാരസ്പര്യമാണ് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനം. മൊബൈലും വാട്‌സ് ആപ്പും ഫേസ്ബുക്കുമൊക്കെ മനുഷ്യനെ സൈബര്‍ ജീവികളാക്കി മാറ്റുന്ന കാലത്ത് അടുത്തിരിക്കുന്നവനോട് പുഞ്ചിരിക്കാന്‍ കൂട്ടാക്കാതെ ഒരിക്കലും കാണുകയോ അറിയുകയോ ചെയ്യാത്തവരുമായി ജീവിതത്തിന്റെ നല്ലൊരുഭാഗം ചെലവഴിക്കുകയാണ് മനുഷ്യര്‍. ഇത്തരത്തിലൊരു കാലത്ത് അവനവനെക്കുറിച്ച് പോലും മനസിലാക്കാതെ ബഹിര്‍ലോകത്തേക്ക് കുതിക്കുന്ന മനസുമായി കഴിയുന്നവരോട് ഉള്ളിലേക്ക് നോക്കൂ നിങ്ങളെ തന്നെ ശ്രദ്ധിക്കൂ എന്ന് പറയുകയാണ് യോഗ.
കലികാലത്ത് നാമസങ്കീര്‍ത്തനം മാത്രം മതി മോക്ഷത്തിനെന്ന് പറയുന്നതുപോലെ യമനിയമങ്ങള്‍ അറിയുക പോലും ചെയ്യാത്തവര്‍ നേരിട്ട് യോഗയിലേക്ക് കടക്കുമ്പോള്‍ അവര്‍ പോലും അറിയാതെ പതഞ്ജലി മഹര്‍ഷി പറഞ്ഞ നിയന്ത്രണങ്ങളിലേക്കും മാനസികമായ സ്വസ്ഥതയിലേക്കുമാണ് ഇക്കൂട്ടര്‍ നയിക്കപ്പെടുന്നത്. നിത്യവും യോഗ ചെയ്യുന്നവനും അതില്ലാത്തവനും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കഴിയും. യോഗയുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് അത് ജീവിതത്തില്‍ പ്രായോഗികമാക്കി അത്യുന്നതി കൈവരിച്ച ഒരു പ്രധാനമന്ത്രി അധികാരത്തിലെത്തിയപ്പോള്‍ ലോകം മുഴുവന്‍ നമ്മുടെ യോഗാസനങ്ങള്‍ ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങുന്നു എന്നത് ഓരോ ഭാരതീയനും അഭിമാനകരമായ കാഴ്ച്ചയാണ്. എന്തായാലും യോഗക്ക് വേണ്ടി ഒരു ദിവസം ഒത്തുകൂടുമ്പോള്‍ ഓരോ യോഗ ഡേയിലും ആയിരക്കണക്കിന് പേര്‍ ഈ ആത്മീയോന്നതിയുടെ മാര്‍ഗത്തിലേക്ക് പുതിയതായി കടന്നുവരുന്നുണ്ട് എന്നത് ചാരിതാത്ഥ്യകരം തന്നെ.
Post Your Comments