മസ്‌ക്കറ്റ് : വായു ചുഴലിക്കാറ്റിന്റെ പ്രതിഫലനം ഒമാനിലും . ഒമാനില്‍ വന്‍ തിരമാലകള്‍ രൂപപ്പെട്ടു . അതേസമയം, ചുഴലിക്കാറ്റ് കൊടുങ്കാറ്റായി രൂപപ്പെട്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വായു കൊടുങ്കാറ്റിന്റെ നേരിട്ടല്ലാത്ത ആഘാതത്തിന്റെ ഫലമായാണ് ഒമാന്‍ തീരങ്ങളില്‍ തിരമാലകള്‍ രൂപപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമാനിലെ റാസല്‍ഹദ്ദ് തീരത്ത് നിന്ന് 700 കിലോമീറ്റര്‍ അകലെ മധ്യ അറബിക്കടലിലാണ് ‘വായു’വിന്റെ സ്ഥാനം. ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറിയിട്ടുണ്ട്.
ശര്‍ഖിയ ഗവര്‍ണറേറ്റില്‍ അറബിക്കടലിന്റെ തീരപ്രദേശങ്ങളിലും ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലുമാണ് ഇന്നു രാവിലെ മുതല്‍ ഉയര്‍ന്ന തിരമാലകള്‍ ആഞ്ഞടിച്ചത്. ജലാന്‍ ബുആലിയിലെ റാസല്‍ഹിദ്ദ് മേഖലയിലുള്ളവര്‍ വീടുകളില്‍ കടല്‍ വെള്ളം കയറി.
ഒന്നര മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് സ്വെല്‍വേവ് തിരമാലകളുടെ ഉയരം. തിങ്കളാഴ്ചയും ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനും കടല്‍ പ്രക്ഷുബ്ധമായിരിക്കാനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേന്ദ്രഭാഗത്ത് മണിക്കൂറില്‍ 50 മുതല്‍ 55 നോട്ട് വരെ വേഗതയിലാണ് കാറ്റ് വീശുന്നതെന്നും ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
വടക്ക്/വടക്കുപടിഞ്ഞാറ് ദിശയില്‍ ഇന്ത്യന്‍ തീരത്തേക്കാണ് കാറ്റിന്റെ സഞ്ചാരദിശ. ഒമാന്‍ തീരത്ത് കാറ്റിന്റെ നേരിട്ടുള്ള ആഘാതം അനുഭവപ്പെടാന്‍ സാധ്യതയില്ല. തിരമാലകള്‍ രണ്ട് മീറ്റര്‍ വരെ ഉയരാനിടയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments