ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ തിരുവന്തപുരം എംപി ഒഴികെയുള്ളവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോയതിനാലാണ് ശശി തരൂരിന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതെ പോയത്. നാളെ സത്യപ്രതിജ്ഞ ചെയ്യാമെന്ന് തരൂര്‍ ലോക്‌സഭാ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. അതെ സമയം നിരവധി വിമർശനങ്ങളാണ് തരൂരിനെതിരെ ഉയരുന്നത്. തിരുവനന്തപുരത്തെ കടലാക്രമണ ദുരിതങ്ങൾക്കിടെ എംപി ലണ്ടനിൽ ക്രിക്കറ്റ് കളി കാണാൻ പോയതിനെതിരെ വോട്ടർമാരിലും കനത്ത അമർഷമുണ്ട്. ഇതിൽ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.
പോസ്റ്റ് കാണാം:
പ്രിയപ്പെട്ട Shashi Tharoor MP, നിങ്ങൾ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തീരദേശ ജനതയെ ഒരുമാതിരി മണ്ടന്മാർ എന്ന് വിചാരിക്കരുത്. റോം കത്തിയപ്പോൾ തന്റെ കൊട്ടാരത്തിൽ വീണവായിച്ചിരുന്ന നീറോ ചക്രവർത്തിയെപോലെയാണ് താങ്കൾ ഇപ്പോൾ പെരുമാറുന്നത്.
ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ സർവ്വത്ര ചാനലുകളും പുറത്തു വിട്ട സർവ്വേ ഫലങ്ങളിലും താങ്കൾ തോൽക്കുമെന്ന് പറഞ്ഞപ്പോഴും ഇല്ല ഇവിടെ “ശശി തരൂർ വിജയിക്കും”. “ശശി തരൂർ മാത്രമേ വിജയിക്കൂ” എന്ന് ഉറപ്പിച്ചു പറഞ്ഞ ഒരേ ഒരു വിഭാഗം ജനങ്ങളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ അത് ഞങ്ങൾ തിരുവനന്തപുരത്തെ തീരദേശ വാസികൾ മാത്രമാണ്. അത്രയ്ക്ക് വിശ്വാസമാണ് ഞങ്ങൾക്ക് കോസ്റ്റൽ ബെൽറ്റിലുള്ള വോട്ടർമാരിൽ. ഇവിടെ താങ്കൾക്ക് മൃഗീയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചു വിട്ടതിൽ ഞങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. അത് താങ്കൾക്കും നിശ്ശേധിക്കാനാവില്ല.
ഇവിടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്തെ തീരദേശ ജനത വലിയതുറ, പൂന്തുറ, ശംഘുമുഖം, തോപ്പ് തുടങ്ങിയ തീരദേശ മേഖലകളിൽ കടലാക്രമണവും പ്രകൃതി ക്ഷോഭവും മൂലം സ്വന്തം ഭവനങ്ങൾ നഷ്ട്ടപ്പെട്ടു വിലപിക്കുകയും പൊതുവിദ്യാലയങ്ങളിൽ അഭയാർത്ഥികളെപോലെ അഭയം പ്രാപിച്ചു കഴിയുകയും ചെയ്യുമ്പോൾ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് വേണ്ട പുനരധിവാസ പദ്ധതികളെക്കുറിച്ചു സർക്കാരുമായി ആലോചിച്ചു വേണ്ട നടപടികൾ കൈക്കൊള്ളേണ്ട താങ്കൾ അങ്ങ് ഇംഗ്ലണ്ടിൽ പോയി ക്രിക്കറ്റ് കണ്ടു രസിച്ചിരിക്കുന്നതു ശുദ്ധ തെമ്മാടിത്തരമാണ്.
പ്രത്യേകിച്ചു താങ്കളുടെ പാര്ലമെന്റിലേക്കുള്ള രണ്ടാം വട്ട വിജയത്തിൽ താങ്കളേക്കാൾ മുന്നിൽ നിന്ന ഓ. രാജഗോപാലിനെ മറികടന്നു 15000-ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താങ്കളെ വിജയിപ്പിച്ചത് തീരദേശത്തെ വോട്ടർമാർ മാത്രമാണ്. അന്ന് സാമൂഹീക ജാതി സമവാക്യങ്ങൾ എല്ലാം താങ്കളെ കയ്യൊഴിഞ്ഞപ്പോൾ താങ്കളെ അകമഴിഞ്ഞ് സഹായിച്ച ഒരു സമൂഹം തീരദേശമാണ് എന്ന സത്യം മറക്കരുത്. താങ്കളെപ്പോലെ തന്നെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരാണ് അടൂർ പ്രകാശ് MP യും ഹൈബി ഈഡൻ MP യും അവർ രണ്ടാളും കടലാക്രമണ മേഖലകളിൽ പൂർണ്ണമായും ജനങ്ങൽക്കിടയിൽ തന്നെ ഉണ്ടായിരുന്നു. അവരെകണ്ടെങ്കിലും ചിലകര്യങ്ങൾ പഠിക്കൂ.
രണ്ടുദിവസങ്ങൾക്കു മുമ്പ് അങ്ങ് ഇംഗ്ലണ്ടിലേക്കു പറക്കുന്നതിനും തൊട്ടുമുമ്പ് ഒരു മിന്നൽ സന്ദർശനം പോലെ വന്നു ശംഘുമുഖം കടപ്പുറത്തെ കടലാക്രമണം നടന്ന ഭാഗം സന്ദർശിച്ചു ആളുകളുടെ കണ്ണിൽ പൊടിയിടാൻ കാണിച്ച ആ നാടകമൊന്നും ഇനി ഇങ്ങോട്ടേക്കു ഇറക്കിയാൽ വിലപ്പോകില്ല. എന്തെങ്കിലും ഒരത്യാഹിതം സംഭവിച്ചു കഴിഞ്ഞു വളരെ അത്യാവശ്യമായി താങ്കളുടെ ഓഫീസിലേക്കോ താങ്കൾ ഓഫീസിൽ കുടിയിരുത്തിയിരിക്കുന്ന നല്ലവന്മാരായ സ്റ്റാഫുകളെയോ ഫോണിൽ വിളിച്ചാൽ അവരാരും ഫോണെടുക്കാറില്ല.
തിരുവനന്തപുരത്തെ ഏതെങ്കിലും വോട്ടർമാർക്ക് സംശയമുണ്ടെങ്കിൽ എന്നോട് തരൂരിന്റെ സ്റ്റാഫ് ആയ പ്രവീണിന്റെ നമ്പർ ഇൻബോക്സിൽ ചോദിക്കൂ ഞാനിട്ടുതരാം വിളിച്ചു നോക്കുകയോ വാട്സ്ആപ്പ് വഴി മെസ്സേജ് അയച്ചു നോക്കുകയോ ചെയ്തു നോക്കൂ. കണ്ടഭാവം കാണിക്കില്ല ആ മഹാൻ. തെരെഞ്ഞെടുപ്പിനു തൊട്ടു മുമ്പുവരെ ഈ മഹാന്മാർ എല്ലാം ബൂത്ത് ലെവലിൽ പ്രവർത്തിച്ച മിനിമം 3 പ്രവർത്തകരെയെങ്കിലും സ്ഥിരം ഇങ്ങോട്ട് വിളിച്ചോണ്ടിരുന്നവന്മാരാണ്. കാര്യം കഴിഞ്ഞപ്പോൾ അവന്മാർ തനിക്കൊണം കാണിച്ചു തുടങ്ങി.
അതുകൊണ്ട് തരൂർ സാറെ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടു പ്രതികരിക്കാതിരിക്കാൻ ഞങ്ങൾ പാർട്ടിയുടേയോ നേതാക്കളുടെയോ അടിമകൾ അല്ല എന്നുകൂടി ഓർമ്മിപ്പിക്കുന്നു. എത്രയും വേഗം മടങ്ങി വന്ന് തിരുവനന്തപുരത്തെ തീരദേശ ജനനതയുടെ ആവശ്യങ്ങൾ വളരെ ഗൗരവത്തോടെ തന്നെ കണ്ട് അവർക്ക് വേണ്ട റീഹാബിലിറ്റേഷൻ പ്രോസസുകൾ അടിയന്തിരമായി തന്നെ ചെയ്തുകൊടുക്കാൻ മുൻകൈ എടുക്കണമെന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ചുരുക്കുന്നു.
Post Your Comments