തൃശൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കൊല്ലം മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എന്‍. പീതാംബരക്കുറുപ്പ്, കോണ്‍ഗ്രസ് നേതാവ് എം.പി വിന്‍സന്റ് എന്നിവര്‍ക്ക് കോടതി സമന്‍സ് അയച്ചു. പീതാംബരക്കുറുപ്പും വിന്‍സന്റും എം.പിയും എം.എല്‍.എയും ആയിരിക്കവെയാണ് തട്ടിപ്പ് നടത്തിയത്. പീതാംബരക്കുറുപ്പ്, കെ.പി.സി.സി അംഗം എം.പി വിന്‍സന്റ് എന്നിവര്‍ക്ക് പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷിബു ടി. ബാലന്‍, ഭാര്യ ദീപ ഷിബു, മകള്‍ സായ് കൃഷ്ണ, ജയ്മല്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍. ഷിബു ടി. ബാലനാണ് ഒന്നാം പ്രതി.
കാലിക്കറ്റ് സര്‍വകലാശാലയിലെ ബോഡി ബില്‍ഡിങ് ചാമ്പ്യനായിരുന്ന സനീഷിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് 22.25 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 22.25 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.മകന് ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ പണം തട്ടിയെന്ന് ചൂണ്ടിക്കാട്ടി നെല്ലിക്കുന്ന് മണ്ടകന്‍ വീട്ടില്‍ ഷാജനാണ് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ സ്വകാര്യ അന്യായം നല്‍കിയത്. കൊല്ലം എം.പിയായും റെയില്‍വേ ബോര്‍ഡ് അംഗവുമായിരുന്ന പീതാംബരക്കുറുപ്പ് വഴി ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ച് എം.പി വിന്‍സന്റിനെ നേരിട്ടും പീതാംബരക്കുറുപ്പിനെ നേരില്‍ക്കണ്ടും ഇക്കാര്യം ഉറപ്പിച്ചു. നാല് ഗഡുക്കളായി 25 ലക്ഷം രൂപ നല്‍കണമെന്നും ജോലി ലഭിച്ചാല്‍ റെയില്‍വേയില്‍ നിന്ന് വായ്പ ശരിയാക്കാമെന്നും പീതാംബരക്കുറുപ്പ് നിര്‍ദ്ദേശിച്ചതായി ഹര്‍ജിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഷാജന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ ഉള്ളവരോട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചു.
Post Your Comments