പാലക്കാട്: പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരേ പീഡനപ്പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സംഘടനാ ചുമതലകളില്‍നിന്നു രാജിവച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയിലെ അഴിച്ചുപണികള്‍ക്കിടെയാണു രാജി. പീഡന പരാതിയിൽ യുവതിക്കൊപ്പം നിലകൊണ്ടവരെ തരം താഴ്ത്തിയ നടപടിയിലാണ് രാജിവെച്ചതെന്നാണ് സൂചന. കഴിഞ്ഞ രണ്ടുദിവസമായി നടന്ന ഡി.വൈ.എഫ്.ഐ. ജില്ലാ പഠന ക്യാമ്പിനോടനുബന്ധിച്ചാണു ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് പുനഃസംഘടന നടത്തിയത്.
പ്രായപരിധി കഴിഞ്ഞ നിലവിലെ ജില്ലാ സെക്രട്ടറി കെ. പ്രേംകുമാറിനെ ഒഴിവാക്കി പകരം പ്രസിഡന്റായിരുന്ന ടി.എം. ശശിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പി.പി. സുമോദിനെയും നിശ്‌ചയിച്ചു. അതോടൊപ്പം മണ്ണാര്‍ക്കാട് നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറിയെ ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്‌തു. പി.കെ. ശശി എം.എല്‍.എക്കെതിരേ സി.പി.എം. ദേശീയ-സംസ്‌ഥാന നേതൃത്വങ്ങള്‍ക്കു ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് പരാതി നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു.
പരാതിയുടെ അടിസ്‌ഥാനത്തില്‍ ശശി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും ആറുമാസത്തേക്ക് സസ്‌പെന്‍ഷനിലായിരുന്നു. പരാതി നല്‍കിയതിനുശേഷം യുവതിക്കൊപ്പം നിലകൊണ്ടത് ചുരുക്കം അംഗങ്ങളായിരുന്നു. യുവതിക്ക് അനുകൂല നിലപാടെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയാണു പുനഃസംഘടനയില്‍ തരംതാഴ്‌ത്തിയത്. സംഘടനാ വേദികളിലും സമൂഹമാധ്യമങ്ങളിലും അവഹേളിക്കുകയും ശശിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്‌തയാള്‍ക്കാണ് സ്‌ഥാനക്കയറ്റം നല്‍കിയെന്നും ആക്ഷേപമുണ്ട്.
ഇതെല്ലാം പരിഗണിച്ചാണ് യുവതി സംഘടനാ ചുമതലകളില്‍നിന്ന് രാജിവയ്‌ക്കാന്‍ തീരുമാനിച്ചത്. ചുമതലകളില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഒഴിവാക്കണമെന്ന് യുവതി അറിയിച്ചിരുന്നതായാണു വിവരം. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളില്‍നിന്നും രാജിവച്ചത്. രാജി സ്വീകരിച്ചത് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. അതേസമയം സംഘടനയില്‍ തുടരുമെന്നു യുവതി പറഞ്ഞു.
Post Your Comments