നിങ്ങള്‍ എപ്പോഴും ഓടിനടക്കുകയും വിവിധ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്തിട്ടും ആ അധികമുള്ള കിലോകള്‍ വാശിയോടെ നിങ്ങളുടെ അരക്കെട്ടിന്റെയും തുടകളുടേയും ചുറ്റും നിലനില്‍ക്കുന്നു. ഒരു പക്ഷെ, ക്രാഷ് ഡയറ്റുകള്‍ ഒന്നു നിര്‍ത്തി ഒരു ഇടവേളയെടുക്കുവാന്‍ സമയമായിരിക്കുന്നു. തിരക്കേറിയ ഒരു വീട്ടമ്മയ്ക്ക് അവരെ ക്ഷീണിപ്പിക്കാതെയും, തിരക്കേറിയ ഷെഡ്യൂള്‍ തടസ്സപ്പെടുത്താതെയും അമിതമായുള്ള ഭാരം തുടച്ച് നീക്കുന്ന അനുയോജ്യമായ ഒരു ഭാരം കുറയ്ക്കല്‍ പ്ലാന്‍ ആവശ്യമാണ്.
ഗാര്‍ഹിക ദൗത്യങ്ങളുടെ ഞാണിന്മേല്‍ക്കളി തുടര്‍ന്ന് കൊണ്ടിരിക്കെ തന്നെ നിങ്ങളുടെ ശരീര ഭംഗി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ ഇതാ.
1. ശരിയായ പ്രഭാതഭക്ഷണം കഴിക്കുക
അതിനെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്നു വിളിക്കുന്നതിന് കാരണം ഉണ്ട്. പകല്‍ മുഴുവനുമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഊര്‍ജ്ജം അത് നല്‍കുന്നു എന്ന് മാത്രമല്ല, അതില്‍ നിന്നുണ്ടാകുന്ന ഊര്‍ജ്ജം കത്തിച്ചു കളയാന്‍ നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ സമയമുണ്ട്. കൂടാതെ, ഉച്ചഭക്ഷണസമയത്ത് വല്ലാതെ വിശന്നില്ലെങ്കില്‍ ഉച്ചയ്ക്ക് എന്തു കഴിക്കണമെന്ന കാര്യത്തില്‍ ബുദ്ധിപരവും ആരോഗ്യകരവുമായ ഒരു തീരുമാനം നിങ്ങള്‍ക്ക് എടുക്കാനും കഴിയും. എന്നാല്‍ മാവ് പുളിപ്പിച്ച് ഉണ്ടാക്കുന്ന ഇഡ്ഡലി, ദോശ അല്ലെങ്കില്‍ സെറീല്‍ രൂപത്തിലുള്ള ഉപ്പുമാവ്, പോഹ എന്നിവ പോലെയുള്ള ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇവ കൊഴുപ്പ് കൂട്ടാതെ തന്നെ നിങ്ങള്‍ക്ക് ഊര്‍ജം നല്‍കുമെന്ന് കാലങ്ങളായി തെളിയിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ വിഭവങ്ങളാണ്.
2. ഭക്ഷണം ഒഴിവാക്കരുത്
ഒരു നേരം നിങ്ങള്‍ അധികം കഴിച്ചു എന്നത് കൊണ്ട് അടുത്ത നേരം ഭക്ഷണം ഒഴിവാക്കുന്നത് ബുദ്ധിയല്ല, കാരണം, ഇത് കലോറി നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊതിയുണ്ടാക്കും. ഇത് നിങ്ങള്‍ പതിവായി കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കഴിക്കാന്‍ ഇടയാക്കും. കൃത്യമായ ഇടവേളകളില്‍ ആഹാരം കഴിക്കുന്നത് ദഹനം ക്രമമാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.ആയുര്‍വേദ ജീവിത രീതി പിന്തുടരുക- പുതിയ ചേരുവകള്‍ കൊണ്ട് പാകം ചെയ്ത ലളിതമായ ഭക്ഷണങ്ങള്‍, തുടര്‍ന്ന് ഒരു ഗ്ലാസ് മോര് – ഇത് ആരോഗ്യകരമായ ശരീരം ഉറപ്പുവരുത്തുന്നു..
3. കൂടുതല്‍ നടക്കുക.
ലിഫ്റ്റിന് പകരം പടികള്‍ കയറുവാന്‍ ഓര്‍ക്കുക. നിങ്ങള്‍ ഷോപ്പിംഗിനു പോകുകയാണെങ്കില്‍, വാഹനം കുറച്ച് ദൂരെ പാര്‍ക്ക് ചെയ്ത് കടകളിലേക്ക് നടന്നു പോവുക. ഒരു ദിവസത്തിന്റെ അവസാനത്തില്‍, അടുത്തുള്ള പാര്‍ക്കിലേക്കുള്ള ഒരു നടത്തം, റിലാക്‌സ് ചെയ്യാനും തടി കുറയ്ക്കാനും ഒരു പോലെ നല്ലതാണ്.
4. അലസമായ ശീലങ്ങള്‍ വളര്‍ത്തരുത്
നിങ്ങളുടെ കുഞ്ഞ് ഉച്ചയ്ക്ക് ഉറങ്ങുന്നു എന്നത് കൊണ്ട് മാത്രം ഉച്ച ഉറക്കം ശീലിക്കരുത്. പകരം ആ സമയം നിങ്ങളുടെ പൂന്തോട്ടത്തില്‍ വിനിയോഗിക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ഒരു സ്ഥലത്ത് ഇരിക്കരുത്, നടന്നു കൊണ്ട് നിങ്ങള്‍ക്ക് അത് ചെയ്യാം. ടെലിവിഷന്‍ കാണുമ്പോള്‍ വെറുതെ എന്തെങ്കിലും കൊറിക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജങ്ക് ഫുഡ് അകത്താക്കിയേക്കാം.
5. വേണ്ടത്ര ഉറങ്ങുക
നിങ്ങളുടെ കുട്ടികള്‍ക്കെന്നപോലെ നിങ്ങള്‍ക്കും എട്ട് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. നിങ്ങള്‍ ആവശ്യത്തിന് ഉറങ്ങുമ്പോള്‍, നിങ്ങളുടെ സമ്മര്‍ദ്ദ നില താഴുകയും, ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയും അത് നല്ല ആരോഗ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രാത്രിയില്‍ വേണ്ടത്ര ഉറങ്ങാത്ത ആളുകള്‍ക്കിടയില്‍ പൊണ്ണത്തടി വര്‍ദ്ധിക്കുന്നു എന്ന് ഗവേഷണം സൂചിപ്പിക്കുന്നു.
ജീവിത ശൈലിയിലുള്ള ചെറിയ മാറ്റങ്ങള്‍ വലിയ വ്യത്യാസം ഉണ്ടാക്കും, അത് നിങ്ങള്‍ കട്ടിലിന് താഴെയായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഭാരം അളക്കുന്ന മെഷീനില്‍ പ്രതിഫലിക്കും. പതിവായ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ മെറ്റബോളിസത്തെ ഉണര്‍ത്തുന്നു, അതിനാല്‍ തുണി അലക്കല്‍, പാത്രം കഴുകല്‍, തറ തുടയ്ക്കല്‍ തുടങ്ങിയവ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. എങ്കില്‍ പിന്നെ എന്തിനാണ് വൈകുന്നത്?
Post Your Comments