കോട്ടയം : ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി കോട്ടയത്ത് ചേര്‍ന്ന ബന്ദല്‍ സംസ്ഥാന സമിതി യോഗം തിരഞ്ഞെടുത്തതിനെതിരെ ആഞ്ഞടിച്ച് പി ജെ ജോസഫ്. പാര്‍ട്ടി പിളര്‍ന്നെന്നും, പിളര്‍ന്നവരുടെ കൂടെ ആളില്ലെന്ന് തെളിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമാണ്. അതിനെ അംഗീകരിക്കാനാവില്ല. ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞു. കോട്ടയത്ത് ചേർന്ന യോഗം പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സമാന്തരയോഗം വിളിച്ചത്. പത്ത് ദിവസത്തെ നോട്ടീസ് നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണെന്നും യോഗതീരുമാനങ്ങൾ നിലനിൽക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
സി എഫ് തോമസ് അടക്കം മുതിർന്ന നേതാക്കളും ജോയ് എബ്രഹാമും തോമസ് ഉണ്ണിയാടനും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തിനൊപ്പം ആണെങ്കിലും പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. അതിനാൽ പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താനുള്ള നീണ്ട നിയമപോരാട്ടത്തിനാകും ഇനി തിരിതെളിയുക.
Post Your Comments