KeralaLatest News

ക്യാമ്പുകള്‍ തുറന്നു; ദുരിതമൊഴിയാതെ കടലോരനിവാസികള്‍, ദുരിതാശ്വാസക്യാമ്പില്‍ സൗകര്യങ്ങളുടെ അപര്യാപ്തത

തിരുവനന്തപുരം : കടലാക്രമണം രൂക്ഷമായതോടെ സംസ്ഥാനത്ത് ആരംഭിച്ച ദുരിതാശ്വാസക്യാമ്പില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത എന്ന് അന്തേവാസികള്‍. ഇന്നലെ രാത്രിവരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകളും കൃഷിയും നശിച്ചു. പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ജില്ലാ, താലൂക്ക് തലങ്ങളില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‌സ് സമിതി രൂപീകരിച്ചിരുന്നു.

കടലാക്രമണത്തെ തുടര്‍ന്ന് തുറന്ന ക്യാമ്പില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ഇടമില്ലെന്ന് ക്യാമ്പിലുള്ളവര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് വലിയതുറ, കൊച്ചു തോപ്പ്, എന്നിവടങ്ങളില്‍ നിന്ന് ക്യാമ്പുകളിലേക്ക് എത്തിയവരാണിവര്‍. പലരുടെയും വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു.

വലിയതുറ ഗവ.യു പി സ്‌കൂളിലാണ് ക്യാമ്പ്. 300 ഓളം ആളുകള്‍ താമസിക്കുന്ന ക്യാമ്പില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു പോലുമുള്ള സൌകര്യങ്ങളുടെ അപര്യാപ്തതയുള്ളതായി അന്തേവാസികള്‍ പറയുന്നു. ഇടക്കിടെ ഉണ്ടാകുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വെക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 16 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button