ലഖ്‌നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ ഹെല്‍മെറ്റ് വയ്ക്കാത്ത ബൈക്ക് യാത്രികരെ പിടിക്കാൻ പോലീസ് നടത്തിയ മിന്നൽ പരിശോധനയില്‍ പോലീസുകാർ തന്നെ കുടുങ്ങി. ഒറ്റ ദിവസം കൊണ്ട് 305 പോലീസ് ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ അകപ്പെട്ടത്. നിയമലംഘകരിൽ 155 പേർ എസ് .ഐ മാരാണ്. പോലീസ് പിടിക്കപ്പെടുമ്പോൾ മിക്കവരും യൂണിഫോമിലായിരുന്നു. ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയത്.
സീനിയര്‍ പോലീസ് സൂപ്രണ്ട് കലാനിധി നൈതാനിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പകലായിരുന്നു ഹെൽമെറ്റ് വേട്ട. പോലീസുകാര്‍ക്കു യാതൊരു ഇളവും പരിഗണനയും നല്‍കരുതെന്നും എസ്പി പരിശോധകര്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നു. സമൂഹത്തിനു മാതൃകയാകേണ്ടവരാണ് പോലീസ് എന്നതിനാലാണ് അവരുടെ റൂട്ട് കേന്ദ്രീകരിച്ച് പ്രത്യേകം പരിശോധന നടത്തിയതെന്ന് എസ്പി വ്യക്തമാക്കി.
പൊലീസുകാരെ കൂടാതെ ഒറ്റ ദിവസം കൊണ്ട് 3,117 ബൈക്കുയാത്രികരാണ് നിയമംലംഘിച്ചതായി രേഖപ്പെടുത്തിയത്. ഇവർക്ക് 1.38 ലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചു വന്ന എസ് ഐയെ കമ്മീഷ്ണര്‍ പരസ്യമായി ശാസിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സംഭവം അതിനു പിന്നാലെയാണെന്നത് ശ്രദ്ധേയമാണ്.
Post Your Comments