നാഗർകോവിൽ: കേടായ ദോശമാവ് തിരികെ കടയിൽ നൽകിയയാളെ കടയുടമ മർദ്ദിച്ചു. പ്രശസ്ത സാഹിത്യകാരൻ ജയമോഹനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കടയുടമയെ പോലീസ് അറസ്റ്റുചെയ്തു. നാഗർകോവിൽ പാർവതിപുരം ശാരദനഗർ ക്രോസ്‌സ്ട്രീറ്റിൽ താമസിക്കുന്ന ജയമോഹൻ പാർവതിപുരം ജംക്‌ഷനിലുള്ള കൂൾസ്ട്രീറ്റിൽ സെൽവൻ എന്നയാളിന്റെ പലചരക്കുകടയിൽ നിന്നാണ് സാധനം വാങ്ങിയത്.
വീട്ടിലെത്തി ദോശമാവിന്റെ കവർ പൊട്ടിച്ചു നോക്കിയപ്പോൾ മാവ് കേടായാതാണെന്നറിഞ്ഞ ജയമോഹൻ കടയിലെത്തി കവർ മടക്കി വാങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കടയിലുണ്ടായിരുന്ന ഉടമയുടെ ഭാര്യ വിസമ്മതിച്ചു. ഇതേത്തുടർന്ന് കടയുടമ സെൽവൻ ജയമോഹനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
മർദ്ദനത്തിൽ കണ്ണട പൊട്ടി. തുടർന്ന് വീട്ടിലെത്തിയ ജയമോഹനെ പിന്തുടർന്ന് എത്തിയ കടയുടമ ജയമോഹന്റെ കുടുംബാംഗങ്ങളെയും അസഭ്യം പറയുകയും വീട്ടിനുള്ളിൽ കടന്നുകയറാൻ ശ്രമിക്കുകയും ചെയ്തു. നേശമണിനഗർ പോലീസിൽ ജയമോഹൻ പരാതി നൽകി.പരിക്കേറ്റ ജയമോഹൻ ആശാരിപ്പള്ളം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments