ആലപ്പുഴ : വനിതാ പോലീസ് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജാസിനെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ പുറത്തുവിട്ട് പോലീസ്. അജാസ് സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. അത് സൗമ്യ നിരസിച്ചിരുന്നു,ഇതാണ് അജാസിന് വൈരഗ്യമുണ്ടാകാൻ കാരണമായത്. സംഭവത്തിൽ പൊള്ളലേറ്റ അജാസ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായാൽ പോലീസ് ചോദ്യംചെയ്യൽ നടപടി ആരംഭിക്കും.
അജാസിന്റെയും സൗമ്യയുടെ ഫോണുകൾ പോലീസ് ഇന്നലെ പരിശോധിച്ചിരുന്നു. സൈബർ പോലീസ് നടത്തിയ പരിശോധനയിൽ അജാസ് നിരന്തരം സൗമ്യയുടെ ഫോണിൽ വിളിച്ചിരുന്നതായും സൗമ്യ വാട്സ് ആപ്പിലൂടെ അജാസുമായി ചാറ്റ് ചെയ്‌തിരുന്നതായും കണ്ടെത്തി. കൂടാതെ ഇരുവരും പണമിടപപാടുകൾ നടത്തിയിരുന്നതായും അജാസ് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നതായും സൗമ്യയുടെ അമ്മ പോലീസിന് മൊഴിനൽകി. സൗമ്യയുടെ ചിത്രങ്ങൾ അജാസിന്റെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇരുവരും തമ്മിൽ പരിചയമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കെഎപി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളര്‍ന്നത്. അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണിൽ വിളിക്കുമായിരുന്നുവെന്നും പോലീസിന് വ്യക്തമായി.
Post Your Comments