മലപ്പുറം: വേങ്ങരയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല. പ്രദേശത്ത് കൂട്ടത്തോടെ ചത്ത നിലയില്‍ കാണപ്പെട്ട കാക്കകളില്‍ നിന്ന് ശേഖരിച്ച രക്ത സാംപിള്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. ഇതോടെ ആരോഗ്യവകുപ്പ് പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്.
വെസ്റ്റ് നെല്‍ വൈറസ് ബാധ ഒരു സാധാരണ വൈറല്‍ രോഗമാണ്. സാധാരണ വൈറല്‍ പനികള്‍ക്കുണ്ടാകുന്ന പോലെ കണ്ണുവേദന, ശരീരവേദന, പനി, തലവേദന, ശര്‍ദ്ദി, വയറിളക്കം, ശരീരത്തില്‍ തടിപ്പുകള്‍ എന്നിവയൊക്കെത്തന്നെയാണ് സാധാരണ ലക്ഷണങ്ങള്‍.
അണുബാധയുള്ള പക്ഷികളില്‍ നിന്നും കൊതുകുകള്‍ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് വൈറസ് പകരുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രക്തദാനത്തിലൂടെയും അവയവദാനത്തിലൂടെയും പകര്‍ന്നേക്കാം. ഗര്‍ഭസമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേക്കും വൈറസ് പകരാന്‍ സാധ്യത കൂടുതലാണ്.
കഴിഞ്ഞ മാര്‍ച്ചിലാണ് വേങ്ങര കണ്ണമംഗലത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറുവയസുകാരന്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെ പ്രദേശത്ത് കാക്കകള്‍ ചത്തതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. വെസ്റ്റ്നൈല്‍ വൈറസ് പരത്തുന്നത് കൊതുകുകള്‍ ആണെങ്കിലും കാക്കകള്‍ വൈറസ് വാഹകരാണന്നതിനാല്‍ പ്രദേശത്ത് ചത്ത നിലയില്‍ കണ്ടെത്തിയ കാക്കകളില്‍ നിന്ന് ആരോഗ്യവകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും വെറ്റിനറി വിഭാഗത്തിലേക്കും അയച്ചു.
എന്നാല്‍ ഇതുവരെ പരിശോധിച്ച 30 സാമ്പിളുകളില്‍ ഒന്നില്‍ പോലും വൈറസ് ബാധ കണ്ടെത്താനായിട്ടില്ല.പരപ്പനങ്ങാടിയില്‍ സമീപ ദിവസം മറ്റൊരാള്‍ക്ക് കൂടി വെസ്റ്റ്നൈല്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ് അധികൃതര്‍.
Post Your Comments