Latest NewsInternational

ചാരവൃത്തി കേസ്, അസാന്‍ജിനെ യുഎസിന് കൈമാറുമോ; വാദം കേള്‍ക്കലിനായി മാസങ്ങള്‍ കാത്തിരിക്കണം

ലണ്ടന്‍ : കംപ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ വിചാരണയ്ക്കായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അമേരിക്കയ്ക്കു കൈമാറുന്നതു സംബന്ധിച്ച കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി വരുന്ന ഫെബ്രുവരിയില്‍ വാദം കേള്‍ക്കും. അതേസമയം ഇപ്പോള്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകനെ വിട്ടു നല്‍കാനുള്ള ഉത്തരവില്‍ ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി സാജിദ് ജാവിദ് ഒപ്പുവച്ചു.

അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ ചോര്‍ത്തിയതിന് വിചാരണ ചെയ്യുന്നതിന് പ്രതിയെ കൈമാറണമെന്ന് ബ്രിട്ടനോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടിഷ് സര്‍ക്കാര്‍ ഇത് അംഗീകരിച്ചു. ഇനി കോടതിയുടെ അനുമതി കൂടി ലഭിച്ചാലേ തുടര്‍നടപടിയെടുക്കാനാവൂ.ലൈംഗിക പീഡന കേസില്‍ ചോദ്യംചെയ്യുന്നതിന് സ്വീഡന് കൈമാറുന്നത് ഒഴിവാക്കാന്‍ 2012 ല്‍ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അസാന്‍ജ് 7 വര്‍ഷം അതിനുള്ളില്‍ കഴിഞ്ഞു.

ഇതിനിടെ ഇക്വഡോര്‍ സര്‍ക്കാരിന്റെ നടപടികളില്‍ ഇടപെട്ടതിന്റെ പേരില്‍ അവര്‍ രാഷ്ട്രീയാഭയം നിഷേധിക്കുകയും എംബസിക്കു പുറത്തിറങ്ങിയപ്പോള്‍ ബ്രിട്ടന്‍ പിടികൂടുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പു കേസില്‍ മദ്യവ്യവസായി വിജയ് മല്യയെയും വജ്രവ്യാപാരി നീരവ് മോദിയെയും വിചാരണയ്ക്കായി വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്ന ചീഫ് മജിസ്‌ട്രേട്ട് എമ്മ ആര്‍ബത്ത്‌നോടാണ് അസാന്‍ജിന്റെ കേസിലും വാദം കേള്‍ക്കുന്നത്. കുറ്റവാളികളെ വിട്ടുനല്‍കുന്നതു സംബന്ധിച്ച യുഎസ് ബ്രിട്ടന്‍ കരാര്‍, സമാനമായ ഇന്ത്യബ്രിട്ടന്‍ കരാറിനേക്കാള്‍ ലളിതമാണ്. അതുകൊണ്ട് നടപടികള്‍ സങ്കീര്‍ണമാകാന്‍ ഇടയില്ല.

shortlink

Post Your Comments


Back to top button