
പത്തനംതിട്ട : വൈദ്യുതി അനുബന്ധ അപകടങ്ങള്‍ ഇല്ലാതാക്കി പൊതുജനങ്ങളെ സുരക്ഷിതരാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാതെ കെഎസ്ഇബി. ലൈന്‍ പൊട്ടി വീഴുന്നതടക്കമുള്ള വൈദ്യുതി അനുബന്ധ അപകടങ്ങള്‍ ഇല്ലാതാക്കണമെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഇന്ത്യന്‍ വൈദ്യുതി നിയമം (1956) അനുശാസിക്കുന്ന മുഴുവന്‍ സുരക്ഷാ നടപടികളും 6 മാസത്തിനകം സ്വീകരിക്കുമെന്നു ഹൈക്കോടതിയില്‍ കെഎസ്ഇബി ഉറപ്പു നല്‍കിയിട്ടു 13 വര്‍ഷം കഴിഞ്ഞു. അപകട മരണങ്ങള്‍ പലതുണ്ടായെങ്കിലും സുരക്ഷയൊരുക്കല്‍ എങ്ങുമെത്തിയില്ല. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പൊട്ടി വീണ വൈദ്യുത ലൈനില്‍ നിന്നു ഷോക്കേറ്റ് 2 പേര്‍ മരിച്ചതിനെ ത്തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇതേ വിഷയത്തില്‍ ഹൈക്കോടതിയുടെ തന്നെ ഉത്തരവ് നിലനില്‍ക്കെയാണ് വീണ്ടും ഇത്തരമൊരു കേസ്.
പത്തനംതിട്ട പ്രക്കാനം സ്വദേശി ബിജി കെ.മാത്യു നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹര്‍ജിക്കാരന്റെ വാദങ്ങളെ എതിര്‍ക്കാതിരുന്ന കെഎസ്ഇബി, സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സുരക്ഷ ഒരുക്കുന്നതിനു തടസ്സമെന്നു ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ ഹൈക്കോടതി വേഗം നിയമ പ്രകാരമുള്ള സുരക്ഷ ഒരുക്കാന്‍ ഉത്തരവിട്ടു. നടപ്പാക്കാന്‍ 6 മാസത്തെ സാവകാശമാണ് അന്ന് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ നടപ്പായില്ല.
4 വര്‍ഷത്തെ വാദം കേട്ട ശേഷമാണ് 2006 ജൂണ്‍ 2ന് അന്നത്തെ ചീഫ് ജസ്റ്റിസ് വി.കെ.ബാലി അധ്യക്ഷനായ ബെഞ്ച് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിച്ച് അന്തിമ ഉത്തരവ് ഇറക്കിയത്. ഇന്‍സുലേറ്റ് ചെയ്തു സുരക്ഷിതമാക്കാത്ത കമ്പിയാണെങ്കില്‍ പൊട്ടി വീഴുന്ന സമയത്തു തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാനുള്ള സൗകര്യം വിതരണക്കാര്‍ ഒരുക്കണമെന്നു നിയമം നിഷ്‌കര്‍ഷിക്കുന്നു. ട്രാന്‍സ്‌ഫോമറുകളും ഫ്യൂസുകളും സ്ഥാപിക്കുന്നതിലും കൃത്യമായ മാര്‍ഗ നിര്‍ദേശം നിയമത്തിലുണ്ട്. ഉത്തരവുകളെല്ലാം നിയമത്തില്‍ മാത്രം ഒതുങ്ങുകയും കാര്യങ്ങളെല്ലാം പഴയപടി തുടരുകയും ചെയ്യുകയാണിപ്പോള്‍.
Post Your Comments