Latest NewsKerala

ഫ്രാങ്കോ മുളക്കലിനെ പരിഹസിച്ച കാർട്ടൂൺ; പുരസ്‌ക്കാരം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച മന്ത്രിക്ക് സിസ്റ്റര്‍ അനുപമയുടെ പിതാവിന്റെ കത്ത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പരിഹസിച്ച കാര്‍ട്ടൂണിന് നല്‍കിയ പുരസ്‌ക്കാരം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച മന്ത്രി എ.കെ ബാലന് കത്തെഴുതി സിസ്റ്റര്‍ അനുപമയുടെ പിതാവ് എം.കെ വര്‍ഗീസ്. യേശുനാഥനെ തൂക്കിലേറ്റിയ കുരിശാണ് വിശുദ്ധ കുരിശ്. യേശുവിന്റെ ഇടതും വലതും ആയി രണ്ട് കള്ളന്മാരെയും കുരിശില്‍ തറച്ചിരുന്നു, ആ കള്ളന്മാരെ തറച്ച കുരിശാണ് ഇപ്പോള്‍ ചില മെത്രാന്മാര്‍ ചുമക്കുന്നത്. പുരസ്‌ക്കാരം ഒരു കാരണവശാലും പിന്‍വലിക്കെരുതെന്ന് വര്‍ഗീസ് മന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ്ണരൂപം

കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ പ്രഖ്യാനത്തെ തള്ളിയ, നമ്മുടെ സാംസ്‌കാരിക വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ബാലന്‍സാറിന്റെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമാണ്. കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി സത്യസന്ധമായ ഒരു കാര്‍ട്ടൂണിനെയാണ് ബഹുമാനപ്പെട്ട മന്ത്രി ബാലന്‍സാര്‍ തള്ളിപ്പറഞ്ഞതെന്നാണ് എനിക്ക് തോന്നുന്നത്. ശ്രീ കെകെ സുഭാഷ് എന്ന വ്യക്തി ഇന്നത്തെ സമൂഹത്തിന്റെ അപചയത്തെയാണ് വരച്ചുകാണിച്ചതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ക്രൈസ്തവ വിശ്വാസ സംഹിതയോട് അല്പം പോലും നീതി പുലര്‍ത്താത്ത മെത്രാനെയും രാഷ്ട്രീയക്കാരെയും പോലീസ് സേനയിലെ ചുരുക്കം ചിലരെയുമാണ് കാര്‍ട്ടൂണ്‍ വിമര്‍ശിച്ചിട്ടുള്ളതെന്ന് എനിക്ക് തോന്നുന്നു. കേരള സമൂഹത്തില്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില വസ്തുതകളുടെ ഒരു നേര്‍കാഴ്ചയല്ലേ ശ്രീ സുബാഷ് വരച്ചുകാട്ടിയത്. അത് അംഗീകരിക്കാനും വിലമതിക്കാനും തയ്യാറാവുകയാണ് സഭയും നേതൃത്വവും ചെയ്യേണ്ടത്. കേരള മെത്രാന്‍സമിതി നടത്തുന്ന പ്രസ്താവനകള്‍ പലതും ബുദ്ധിയും വിവരവും ഉള്ള വിശ്വാസികള്‍ തള്ളി കളഞ്ഞുകൊണ്ടിരിക്കുകയാണ്. സര്‍ക്കുലര്‍ ഇറക്കുന്നതും മെത്രാന്‍ സമിതി മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുന്നതും എന്തൊരു വിരോധാഭാസമാണ്.

മനുഷ്യ കുലത്തിന്റെ പാപ പരിഹാരങ്ങള്‍ക്കുവേണ്ടിയാണ് ദൈവ പുത്രനായ യേശുനാഥന്‍ കുരിശില്‍ മരിക്കേണ്ടി വന്നത്. യേശുനാഥനെ തൂക്കിലേറ്റിയ കുരിശാണ് വിശുദ്ധ കുരിശ്. യേശുവിന്റെ ഇടതും വലതും ആയി രണ്ട് കള്ളന്മാരെയും കുരിശില്‍ തറച്ചിരുന്നു. ആ കള്ളന്മാരെ തറച്ച കുരിശാണ് ഇപ്പോള്‍ ചില മെത്രാന്മാര്‍ ചുമക്കുന്നത്. ഇക്കൂട്ടര്‍ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമാണെന്ന് സമീപകാല സംഭവങ്ങളില്‍ നിന്നും വ്യക്തമല്ലേ?

വിശ്വാസത്തെയും, വിശ്വാസ സമൂഹങ്ങളെയും ദൈവ പ്രമാണങ്ങളെയും സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിച്ച്‌ അധികാര ദുര്‍വിനിയോഗം ചെയ്ത് ചിലര്‍ രൂപത മെത്രാന്മാരായിരിക്കുന്നു. പണത്തിന്റെ ആധിപത്യവും അധികാര കേന്ദ്രങ്ങളുമായിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും സഭയ്ക്ക് നന്മ വരുത്തുകയില്ല. മറിച്ച്‌ സഭയുടെ സല്‍പേരിന് കളങ്കമേര്‍പ്പെടുത്തകയുള്ളൂ എന്ന തിരിച്ചറിവിന് ഈ കാര്‍ട്ടൂണ്‍ കാരണമാകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.

ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി ബാലന്‍ സാര്‍, ബാലിശമായ നടപടികള്‍ ഒന്നും അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. അങ്ങ് കേരളത്തിലെ മെത്രാന്മാരുടെ മന്ത്രിയല്ല ജനാധിപത്യ വിശ്വാസികളായ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും മന്ത്രിയാണ്.

കെ എം വര്‍ഗീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button