ന്യൂഡൽഹി: ഈ വരുന്ന ഓഗസ്‌റ്റോടെ രാജ്യത്തെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വിമാന സർവീസ് ആരംഭിക്കാൻ ഇൻഡിഗോ തീരുമാനിച്ചു. ഇത് പ്രാബല്യത്തിലാകുന്നതോടെ പ്രധാനപ്പെട്ട എല്ലാ ബുദ്ധമത കേന്ദ്രങ്ങളും ഒരു കുടക്കീഴിൽ ആകും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് വിമാനക്കമ്പിനി വക്‌താവ് പുറത്തിറക്കി.
കൊൽക്കത്ത, ഗയ, വാരാണസി, എന്നി സ്ഥലങ്ങൾ ഒരുമിപ്പിക്കും. കൊൽക്കത്ത- ഗയ, കൊൽക്കത്ത-പട്ന , കൊൽക്കത്ത-വാരാണസി, ഗയ – വാരണാസി എന്നിവയാണ് പുതുതായി വരുന്ന സർവീസ്. ഓഗസ്റ്റ് എട്ടിന് ആരംഭിക്കുന്ന ഈ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് പദ്ധതി വഴി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോണോ ജോയ് ദത്ത ഇതു സ്ഥിരീകരിച്ചു.
ബുദ്ധമതത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനും, ആത്മീയപരമായ അറിവ് നേടാനും ഈ യാത്രകൾ ഉപകരിക്കുമെന്ന് ഇൻഡിഗോ വ്യക്തമാക്കി. നിലവിൽ ഇക്കണോമി ക്ലാസ് ടിക്കറ്റാകും ഈ സർവീസുകളിൽ ലഭിക്കുക. വിയറ്റ്നാം, ഹോങ്കോങ്,ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് കൊൽക്കത്തയിലേക്ക് ഭാവിയിൽ സർവീസ് ആരംഭിക്കാനും ഇന്ഡിഗോയ്ക്ക് പദ്ധതിയുണ്ട്. ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വില്യം ബൗറ്റ്ലറാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments