നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക പേജിലുടെ വൈകുന്നേരം അഞ്ച് മണിക്കാണ് ട്രെയിലര്‍ പുറത്തിറങ്ങുന്നത്. ചിരിയുടെ രസക്കൂട്ടില്‍ പ്രണയവും സംഗീതവും ചേരുംപടി ചേര്‍ത്ത് ഒരുക്കുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് ബാനറില്‍ തന്നെയാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഓഡിയോ ട്രെയിലര്‍ ലോഞ്ച് ജനപ്രിയ നായകന്‍ ദിലീപാണ് നിര്‍വ്വഹിച്ചത്. സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍, ഗായകന്‍ പി.ജയചന്ദ്രന്‍, സംഗീത സംവിധയകന്‍ എം.ജയചന്ദ്രന്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ, ഹരീഷ് കണാരന്‍, നായികാ നയികന്മാരായ അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു, ക്യാമറാമന്‍ അനില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രപീപം കൊളുത്തിയ ശേഷമാണ് ഓഡിയോ പ്രകാശനം നിര്‍വഹിച്ചത്. സിനിമ-സീരിയല്‍-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ജൂലൈ പകുതിയോടെ പുറത്തിറങ്ങും. പ്രമുഖ ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പുതുമുഖതാരം അഖില്‍പ്രഭാകറാണ് നായകന്‍. ശിവകാമി, സോനു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ദിനേശ് പണിക്കര്‍, വിനയ് വിജയന്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, വിഷ്ണുപ്രിയ, സുബി സുരേഷ്, അഞ്ജലി തുടങ്ങി ഒരു മികച്ച താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് വരികള്‍. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. ശങ്കര്‍ മഹാദവേന്‍ ആലപിച്ച ചിത്രത്തിലെ സുരാംഗന സുമവദനാ എന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു.
ചിത്രത്തിന്റെ തിരക്കഥ എസ്.എല്‍ പുരം ജയസൂര്യയാണ്. പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിലൂടെ മുന്നോട്ടു പോകുന്ന രസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിവഹിക്കുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ചിത്രത്തിലെ ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ്: സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ്.
പുതിയ തലമുറയേയും പഴയതലമുറയേയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
Post Your Comments