തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 6 മെഡിക്കല്‍ പി.ജി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തില്‍ 2 സീറ്റും നിയോനെറ്റോളജി (നവജാത ശിശു വിഭാഗം) വിഭാഗത്തില്‍ 4 സീറ്റുമാണ് അനുവദിച്ചത്. റീ പ്രൊഡക്ടീവ് മെഡിസിന്‍ (വന്ധ്യതാ ചികിത്സ) വിഭാഗത്തില്‍ സീറ്റുകള്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇതിലൂടെ കേരളത്തിലെ ശിശുരോഗ ചികിത്സാ രംഗത്തും വന്ധ്യതാ ചികിത്സാ രംഗത്തും വലിയ നേട്ടങ്ങള്‍ക്കാണ് വഴിവയ്ക്കുന്നതാണ്. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. സര്‍ക്കാരിന്റെ നിരന്തരമായ ശ്രമഫലമായാണ് ഈ കോഴ്‌സുകള്‍ തുടങ്ങാന്‍ സാധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലാദ്യമായാണ് ഒരു മെഡിക്കല്‍ കോളേജില്‍ പ്രീഡിയാട്രിക് ന്യൂറോളജിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡിഗ്രിയായ ഡി.എം. പ്രീഡിയാട്രിക് ന്യൂറോളജി ആരംഭിക്കുന്നത്. എയിംസില്‍ മാത്രമാണ് ഈ കോഴ്‌സ് നിലവിലുള്ളത്. അതേ സമയം എയിംസിനെക്കാളും പൂര്‍ണ തോതിലുള്ള ഡിപ്പാര്‍ട്ട്‌മെന്റാണ് ഇവിടെയുള്ളത്. കഴിഞ്ഞ 30 വര്‍ഷമായി എസ്.എ.ടി. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലാണ് ഈ കോഴ്‌സ് തുടങ്ങുന്നത്. എല്ലാതരത്തിലുമുള്ള ന്യൂറോളജി രോഗങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഇവിടെ സൗജന്യമായാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ 3 മുതല്‍ 5 ലക്ഷം വരെ ചെലവ് വരുന്ന ചികിത്സ തികച്ചും സൗജന്യമായാണ് ചെയ്യുന്നത്. സെറിബ്രല്‍ പാള്‍സിയുടെ നൂതന ചികിത്സയായ ബോട്ടൊക്‌സ് ചികിത്സയും ഇപ്പോള്‍ ആയിരത്തിലധികം കുട്ടികള്‍ക്ക് സൗജന്യമായി നല്‍കിക്കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഇലക്‌ട്രോ ഫിസിയോളജി പരിശോധനകള്‍ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന ഒരേയൊരു ഡിപ്പാര്‍ട്ട്‌മെന്റുകൂടിയാണിത്. പീഡിയാട്രിക്, മെഡിസിന്‍ എന്നിവയില്‍ എം.ഡി.യുള്ളവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാവുന്നതാണ്.
കേരളത്തിലെ രണ്ടാമത്തേയും സര്‍ക്കാര്‍ തലത്തില്‍ ആദ്യത്തേയുമായാണ് ഡി.എം. നിയോനെറ്റോളജിയില്‍ സീറ്റ് ലഭിക്കുന്നത്. എസ്.എ.ടി. ആശുപത്രിയിലെ നവജാത ശിശു വിഭാഗത്തിലാണ് 4 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ ലഭിച്ചത്. 2015 ല്‍ നവജാത ശിശുവിഭാഗം ആരംഭിച്ചെങ്കിലും ഇപ്പോഴാണ് പി.ജി. സീറ്റുകള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. ഇതിനായി ഈ വിഭാഗത്തില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തിക സൃഷ്ടിച്ചിരുന്നു. ജനനം മുതല്‍ 28 ദിവസം വരെയുള്ള കുഞ്ഞുങ്ങളേയാണ് നവജാത ശിശു വിഭാഗത്തില്‍ ചികിത്സിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കള്‍ക്ക് കേരളത്തില്‍ ഇന്ന് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സയാണ് ഇവിടെ നിന്നും നല്‍കുന്നത്. നവജാത ശിശുക്കള്‍ക്കായി ഐ.ബി.എന്‍, ഒ.ബി.എന്‍, എന്നിങ്ങനെ 2 തീവ്ര പരിചരണ യൂണിറ്റുകളാണുള്ളത്. 26 ആഴ്ച വളര്‍ച്ചയെത്തിയ നവജാത ശിശുക്കളേയും 700 ഗ്രാം മുതല്‍ ഭാരമുള്ള നവജാത ശിശുക്കളേയും ഈ തീവ്രപരിചരണ വിഭാഗത്തിലൂടെ രക്ഷപ്പെടുത്തിയെടുക്കാനുള്ള സംവിധാനമുണ്ട്. 273 പി.ജി. സീറ്റുകളാണ് മെഡിക്കല്‍ കോളേജിലുണ്ടായിരുന്നത്. ഇപ്പോള്‍ 6 സീറ്റുകള്‍ കൂടി ലഭിച്ചതോടെ ആകെ 279 പി.ജി. സീറ്റുകളാണ് മെഡിക്കല്‍ കോളേജിനുള്ളത്. പി.ജി. സീറ്റുകള്‍ നേടിയെടുക്കാന്‍ സര്‍ക്കാരിനൊപ്പം നിന്ന് പ്രയത്‌നിച്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് കുഞ്ഞ്, നവജാത ശിശു വിഭാഗം മേധാവി ഡോ. ശോഭ കുമാര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
Post Your Comments