KeralaLatest News

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളിലേക്കു ജോലി തേടുന്നവര്‍ക്ക് മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്

തിരുവനന്തപുരം: എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇ.സി.ആർ) പാസ്‌പോർട്ട് ഉടമകളായ തൊഴിലന്വേഷകർ അനധികൃത ഏജന്റുകളാൽ കബളിപ്പിക്കപ്പെടാതിരിക്കുവാനും തുടർ ദുരിതങ്ങൾ ഒഴിവാക്കുവാനും വിദേശകാര്യവകുപ്പിന്റെ ഇ-മൈഗ്രേറ്റിൽ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് എജൻസികൾ മുഖേന മാത്രമേ വിദേശകുടിയേറ്റം നടത്താവുയെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അനധികൃത റിക്രൂട്ടിംഗ് ഏജന്റുകൾ നൽകുന്ന സന്ദർശക വിസപ്രകാരമുള്ള കുടിയേറ്റം നിർബന്ധമായും ഒഴിവാക്കണമെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും നോർക്ക റൂട്ട്‌സ് അറിയിച്ചു.

അനധികൃത വിദേശ റിക്രൂട്ട്‌മെന്റ്കളെക്കുറിച്ച് വേണ്ടത്ര മുന്നറിയിപ്പുകൾ നോർക്ക റൂട്ട്‌സ് പലതവണ നൽകിയെങ്കിലും തൊഴിലന്വേഷകർ അനധികൃത ഏജന്റുകളാൽ കബളിപ്പിക്കപ്പെടുന്നു. ഇത്തരത്തിൽ കബളിക്കപ്പെടുന്ന പലരും (ഇ.സി.ആർ) പാസ്‌പോർട്ട് ഉടമകളാണ്. അഫ്ഗാനിസ്ഥാൻ, ബഹറിൻ, ഇന്തോഷ്യ, ഇറാക്ക്, ജോർദ്ദാൻ, കുവൈറ്റ്, ലെബനോൻ, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗത്ത് സുഡാൻ , സുഡാൻ, സൗദിഅറേബ്യ, യു.എ.ഇ, സിറിയ, തായ്‌ലാന്റ്, യെമൻ തുടങ്ങിയ 18 ഇ.സി.ആർ (Emigration Check Required) രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന ഇ.സി.ആർ പാസ്‌പോർട്ട് ഉടമകൾക്ക് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റ് മുഖാന്തരം തൊഴിൽ കരാർ നിർബന്ധമായിരിക്കെ, സന്ദർശക വിസ നൽകിയാണ് അനധികൃത ഏജന്റുകൾ ഇവരെ കബളിപ്പിക്കുന്നത്.

വിദേശതൊഴിലുടമ ഇവരുടെ സന്ദർശക വിസ തൊഴിൽ വിസയാക്കി നൽകുമെങ്കിലും, തൊഴിൽ കരാർ ഇമൈഗ്രറ്റ് സംവിധാനം വഴി തയ്യറാക്കുന്നില്ല. ഇക്കാരണത്താൽ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും പലർക്കും വേതനം, താമസം, മറ്റ് അർഹമായ ആനുകൂല്യങ്ങൾ എന്നിവ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. വേതനം, താമസം, മറ്റ് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാതെ നിരവധി പേർ തൊഴിലിടങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ജോലിചെയ്യണ്ടി വരുന്നു. ഇ.സി.ആർ വിഭാഗത്തിലുള്ള പാസ്‌പോർട്ട് കൈവശം വയ്ക്കുന്നവർ ഇക്കാര്യത്തിൽ ജാഗരൂകരായിക്കണമെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന പലരെയും ഇതിനകം ഇൻഡ്യൻ എംബസിയുടെയും, നോർക്ക-റൂട്ട്‌സിന്റെയും സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button